ഐഎസ് ഡിറ്റെൻഷൻ ക്യാമ്പിൽ നിന്ന് മോചിതരായിയെത്തിയ രണ്ട് കാനഡ യുവതികൾ അറസ്റ്റിൽ 

By: 600007 On: Oct 26, 2022, 9:46 PM

സിറിയയിലെ ഐഎസ്ഐഎസിന്റെ ഡിറ്റെൻഷൻ ക്യാമ്പിൽ നിന്ന് കാനഡ ഗവണ്മെന്റ് ഇടപെടൽ മൂലം മോചിതരാക്കപ്പെട്ട് കാനഡയിൽ തിരിച്ചെത്തിച്ച കാനഡ പൗരത്വമുള്ള രണ്ട് യുവതികൾ അറസ്റ്റിൽ. മോൺ‌ട്രിയലിലെ വിമാനത്താവളത്തിൽ വെച്ചാണ് 27 കാരിയായ ഒമൈമ ചൗയെ അറസ്റ്റ് ചെയ്തതെന്ന് ആർ‌സി‌എം‌പി അറിയിച്ചു. 2014 നവംബർ മുതൽ ഇവർ  ഇന്റഗ്രേറ്റഡ് നാഷണൽ സെക്യൂരിറ്റി എൻഫോഴ്‌സ്‌മെന്റ് ടീമിന്റെ (ഇൻസെറ്റ്) അന്വേഷണത്തിന് വിധേയയായിരുന്നുവെന്നും അവർക്കെതിരെ തീവ്രവാദ കുറ്റം ചുമത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സിറിയയിലെ തടങ്കൽപ്പാളയത്തിൽ നിന്ന് മോചിതരായി തിരിച്ചെത്തിയ കിംബർലി പോൾമാൻ എന്ന യുവതിയും അറസ്റ്റിലായതായി അവരുടെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. വടക്കുകിഴക്കൻ സിറിയയിൽ നിന്ന് രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പടെ നാല് കാനഡക്കാരെ തിരിച്ചയച്ചതായി ഗ്ലോബൽ അഫയേഴ്സ് കാനഡ പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

കാനഡ പൗരന്മാരെ തടവിൽ നിന്നും മോചിപ്പിപ്പിക്കുവാനുള്ള ശ്രമത്തിന് സഹകരിച്ച വടക്ക്, കിഴക്കൻ സിറിയയിലെ ഭരണകൂടത്തിന് നന്ദി അറിയിക്കുകയും അതീവ ദുഷ്‌കരമായ സുരക്ഷാ സാഹചര്യത്തിലും പ്രതികൂല സാഹചര്യങ്ങളിലും തടവിലാക്കപ്പെട്ട വ്യക്തികൾക്ക് പരിചരണം നൽകുന്നതിനുള്ള ശ്രമങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നതായി കാനഡ ഗ്ലോബൽ അഫയേഴ്‌സ് പ്രസ്താവനയിൽ അറിയിച്ചു. സ്വദേശത്തും വിദേശത്തുമുള്ള കാനഡക്കാരുടെ സുരക്ഷയും സുരക്ഷയും കാനഡ ഗവൺമെന്റിന്റെ മുൻ‌ഗണനയാണെന്നും ഇതിനായുള്ള പ്രവർത്തനങ്ങളിൽ അമേരിക്കയുടെ സഹായത്തിനും ഗ്ലോബൽ അഫയേഴ്സ് നന്ദി അറിയിച്ചു. 

2019-ലാണ് ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പോൾമാനെ കുർദിഷ് പോരാളികൾ സിറിയയിൽ അറസ്റ്റ് ചെയ്തത്. ഐഎസ്‌ഐഎസ് അംഗങ്ങളുടെ ഭാര്യമാരും വിധവകളും കുടുംബങ്ങളുംഉൾപ്പടെ 2,600-ലധികം പേരാണ് ക്യാമ്പിൽ നിലവിൽ താമസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

താൻ ഓൺലൈനിൽ പരിചയപ്പെട്ട ഐഎസ് അംഗമായ ഭർത്താവാണ് 2015ൽ തന്നെ സിറിയയിലേക്ക് കൊണ്ടുപോയതെന്ന് ഒരു പ്രമുഖ മാധ്യമത്തിന്റെ ഇന്റർവ്യൂവിൽ പോൾമാൻ പറഞ്ഞിരുന്നു. പോൾമാൻ യുഎസ്-കനേഡിയൻ ഇരട്ട പൗരത്വമുള്ളവരാണെന്നും ഐസ് നഴ്‌സായി സിറിയയിലേക്ക് പോകുന്നതിനുമുമ്പ് കൂടുതലും കാനഡയിൽ താമസിക്കുകയും ചെയ്തിരുന്നതായി ഹ്യൂമൻ റൈറ്റ്‌സ് വാച്ച് 2020-ൽ റിപ്പോർട്ട് ചെയ്തിരുന്നു. വടക്കുകിഴക്കൻ സിറിയയിലെ കുർദിഷ് ക്യാമ്പുകളിൽ തടവിലാക്കപ്പെട്ടിട്ടുള്ളതായി കരുതപ്പെടുന്ന 50 കാനഡക്കാരിൽ ഒരാളായിരുന്നു പോൾമാൻ. ഇവരിൽ പകുതിയിലേറെയും കുട്ടികളാണെന്നും പലരും ഏഴ് വയസ്സിന് താഴെയുള്ളവരാണെന്നും ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോർട്ടിൽ പറയുന്നു.  

വിദേശത്ത് തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണക്കുന്ന കാനഡക്കാർ, ഗവന്മെന്റിന്റെ ഇടപെടൽ മൂലം കാനഡയിലേക്ക് തിരിച്ചെത്തിക്കപ്പെട്ടു എന്ന് പരിഗണിക്കാതെ ക്രിമിനൽ കുറ്റങ്ങൾ നേരിടേണ്ടിവരുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ മന്ത്രി ഷോൺ ഫ്രേസറും ബുധനാഴ്ച് മാധ്യമങ്ങളോട് പറഞ്ഞു. വിദേശ തടങ്കൽപ്പാളയങ്ങളിൽ കഴിയുന്ന കാനഡക്കാരുടെ ക്ഷേമം ഫെഡറൽ ഗവൺമെന്റ് നിരീക്ഷിച്ചു വരികയാണെന്നും കുട്ടികളും ഇത്തരം സാഹചര്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഗവൺമെന്റിന് ബോധ്യമുണ്ടെന്നും ഫ്രേസർ കൂട്ടിച്ചേർത്തു.