പലിശ നിരക്ക് വീണ്ടും ഉയർത്തി ബാങ്ക് ഓഫ് കാനഡ; 2023-ൽ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് പ്രവചനം 

By: 600007 On: Oct 26, 2022, 8:03 PM

പണപ്പെരുപ്പം കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായി പലിശ നിരക്ക് വീണ്ടും ഉയർത്തി ബാങ്ക് ഓഫ് കാനഡ.
പലിശ നിരക്ക് നിലവിലെ 3.25 ശതമാനത്തിൽ നിന്ന് 3.75 ശതമാനമായിയാണ് ഉയർത്തിയത്. പണപ്പെരുപ്പത്തെ നേരിടാനും 2 ശതമാനം എന്ന ലക്ഷ്യത്തിലേക്ക് തിരികെ കൊണ്ടുവരാനുമായി 2022 മാർച്ച് മുതൽ പലിശ നിരക്ക് ആറ് തവണ ഇതുവരെ വർദ്ധിപ്പിച്ചത്. കാനഡയുടെ ഏറ്റവും പുതിയ മോണിറ്ററി പോളിസി റിപ്പോർട്ട് അനുസരിച്ച്, 2023 ന്റെ ആദ്യ പകുതിയിൽ കാനഡയിൽ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നു. അതോടൊപ്പം തന്നെ 2022 അവസാനത്തോടെയും 2023 ന്റെ ആദ്യ പകുതിയോടെയും കാനഡയുടെ ജിഡിപി വളർച്ച 0 ശതമാനത്തിനും 0.5 ശതമാനത്തിനും ഇടയിലായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
.
കാനഡയിലെ പണപ്പെരുപ്പം 6.9 ശതമാനമായി തുടരുകയാണ്. ഉയർന്ന ഊർജ വിലയും ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളും പോലുള്ള അന്താരാഷ്ട്ര ഘടകങ്ങളാണ് പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുവാനുള്ള പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. അടുത്ത വർഷം അവസാനത്തോടെ പണപ്പെരുപ്പം ഏകദേശം 3 ശതമാനമായി കുറയുമെന്നും 2024 ഓടെ 2 ശതമാനം ലക്ഷ്യത്തിലെത്തുമെന്നും ബാങ്ക് ഓഫ് കാനഡ പ്രതീക്ഷിക്കുന്നത്. 

പലിശ നിരക്കിനെക്കുറിച്ചുള്ള ബാങ്ക് ഓഫ് കാനഡ അടുത്ത അപ്ഡേറ്റുകൾ ഡിസംബർ 7-നാണ് ഉണ്ടാവുക.