ആമസോണ്‍ ജീവനക്കാരന് നായയുടെ അക്രമണത്തില്‍ ദാരുണാന്ത്യം

By: 600084 On: Oct 26, 2022, 5:20 PM

പി പി ചെറിയാൻ, ഡാളസ്.

മിസ്സൗറി(കന്‍സാസ്): കന്‍സാസ് സിറ്റിയില്‍ നിന്നും 25 മൈല്‍ നോര്‍ത്ത് വെസ്‌ററിലുള്ള വീടിനു മുമ്പില്‍ നായകളുടെ കടിയേറ്റ് ആമസോണ്‍ ഡെലിവറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

ഒക്ടോബര്‍ 24ന് ഈ വീടിനുമുമ്പില്‍ ആമസോണ്‍ മണിക്കൂറുകളോളം ഓണായി കിടക്കുന്നത് കണ്ടാണ് അയല്‍വാസികള്‍ പോലീസിനെ വിളിക്കുന്നത്. വാനിന്റെ ലൈററും ഓണായി കിടന്നിരുന്നു. വിവരം അറിഞ്ഞു പോലീസ് സ്ഥലത്തെത്തുമ്പോള്‍ ശരീരം മുഴുവന്‍ കടിയേറ്റ നിലയില്‍ ഡ്രൈവറുടെ ശരീരം യാര്‍ഡില്‍ കിടക്കുന്നതും, രണ്ടു നായകള്‍ അവിടെ നിന്നും ഓടിപോകുന്നതും കണ്ടു. നായകള്‍ ഓടി വീട്ടിലേക്ക് കടന്നുവെങ്കിലും, ആക്രമാസക്തമായ നായകളെ ഡെപ്യൂട്ടികള്‍ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നും റെ കൗണ്ടി ഷെറീഫ് സ്‌കോട്ട് ചൈല്‍ഡേഴ്‌സ് പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജെര്‍മന്‍ ഷെപ്പേര്‍ഡ് വര്‍ഗത്തില്‍പ്പെട്ടതായിരുന്നു ഈ നായകളെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തങ്ങളുടെ സഹപ്രവര്‍ത്തകന്റെ മരണത്തില്‍ ആമസോണ്‍ ജീവനക്കാരും, മാനേജ്‌മെന്റും ദുഃഖം പ്രകടിപ്പിച്ചു.

പോലീസിന് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിന് സന്നദ്ധരാണെന്ന് ആമസോണ്‍ സ്‌പോക്ക് പേഴ്‌സണ്‍ പറഞ്ഞു. ആഗസ്റ്റ് മാസം ഫ്‌ളോറിഡായില്‍ പോസ്റ്റല്‍ ജീവനക്കാരി അഞ്ചു നായകള്‍ ഒരുമിച്ചു അക്രമിച്ചതിനെ തുടര്‍ന്നു കൊല്ലപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ എല്ലാവരും ആശങ്കാകുലരാണ്.