ഹൗസിംഗ് നിയമനിര്‍മാണത്തിന്റെ ഭാഗമായി മുന്‍സിപ്പല്‍ സോണിംഗ് നിയമങ്ങളെ അസാധുവാക്കുകയും ഓരോ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയിലും മൂന്ന് യൂണിറ്റുകള്‍ വരെ നിര്‍മിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന വിപുലമായ ഭവന മാറ്റങ്ങള്‍ പ്രഖ്യാപിക്കാനൊരുങ്ങിയിരിക്കുകയാണ് ഒന്റാരിയോ സര്‍ക്കാര്‍. പ്രീമിയര്‍ ഡഗ് ഫോര്‍ഡും മുന്‍സിപ്പല്‍ കാര്യ മന്ത്രി സ്റ്റീവ് ക്ലാര്‍ക്കും പങ്കെടുത്ത ടൊറന്റോ റീജിയന്‍ ബോര്‍ഡ് ഓഫ് ട്രേഡ് ഇവന്റിലാണ് പുതിയ നിയമനിര്‍മാണം സംബന്ധിച്ച കാര്യങ്ങള്‍ പരസ്യമായി അവതരിപ്പിച്ചത്.
മുന്‍സിപ്പാലിറ്റികള്‍ അവരുടെ ഭവന ലക്ഷ്യങ്ങള്‍ നേടിയില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ലെന്നും, എന്നാല്‍ ഓരോ നഗരവും ലക്ഷ്യങ്ങള്‍ എങ്ങനെ കൈവരിക്കുമെന്ന് വിവരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ വിപുലപ്പെടുത്തേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 10 വര്‍ഷത്തിനുള്ളില്‍ 1.5 മില്യണ്‍ വീടുകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ വേഗതയില്‍ ഭവന നിര്‍മാണം നടത്താനും ചെലവ് കുറയ്ക്കാനും സഹായിക്കുന്ന 'മോര്‍ ഹോംസ്, ബില്‍റ്റ് ഫാസ്റ്റര്‍ ആക്ട്' എന്ന ബില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഹൗസിംഗ് നിയമനിര്‍മാണത്തിന്റെ ഭാഗമായി 2032 ഓടെ 2,85,000 പുതിയ വീടുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ടൊറന്റോ സിറ്റി. ജനസംഖ്യാ വലിപ്പവും വളര്‍ച്ചയും അടിസ്ഥാനമാക്കി മുന്‍സിപ്പാലിറ്റികള്‍ക്ക് ഭവന ലക്ഷ്യങ്ങള്‍ നിശ്ചയിക്കുമെന്ന് ഒന്റാരിയോ സര്‍ക്കാര്‍ അറിയിച്ചു.