ലോവര്‍ മെയിന്ലാന്ഡിലുടനീളമുള്ള കമ്യൂണിറ്റികളില്‍ വ്യാജ സ്വര്‍ണം ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി നോര്‍ത്ത് വാന്‍കുവര്‍ ആര്‍സിഎംപി മുന്നറിയിപ്പ് നല്കുന്നു. തട്ടിപ്പ് സംഘങ്ങളില്‍ പുരുഷന്മാരും സ്ത്രീകളും ചിലപ്പോള്‍ കുട്ടികളും ഉള്‍പ്പെടുന്നതായി പോലീസ് പറയുന്നു. ഒക്ടോബര്‍ ആദ്യം മുതല്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സഹായം അഭ്യര്‍ത്ഥിക്കുന്ന തരത്തില്‍ ഇരകളുമായി ഇടപഴകുന്ന ഇവര്‍ നെക്ലേസ് ഉള്‍പ്പെടെ നിറയെ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞാണ് പ്രത്യക്ഷപ്പെടുന്നത്. ചില സന്ദര്‍ഭങ്ങളില്‍ സംഘം വാടകയ്ക്ക് വാഹനമെടുത്താണ് യാത്ര ചെയ്യാറ്.
ബാങ്കിംഗ് തകരാറുകള്‍ മൂലം തങ്ങളുടെ പണം ആക്സസ് ചെയ്യാന്‍ കഴിയാത്ത സമ്പന്നരായ വിദേശികളാണെന്നാണ് തട്ടിപ്പുകാര്‍ അവകാശപ്പെടുന്നത്. പുരുഷന്മാര് എക്സിക്യുട്ടീവ് വേഷങ്ങളിലും സ്ത്രീകള്‍ മിഡില്‍ ഈസ്റ്റ് സ്ത്രീകളെ പോലെ വേഷം ധരിച്ചുമാണ് എത്തുന്നതെന്ന് പോലീസ് പറയുന്നു. തങ്ങളുടെ വാലറ്റ് നഷ്ടപ്പെട്ടുപോയെന്നും സ്വര്‍ണാഭരണങ്ങള്‍ വായ്പയ്ക്കായി പണയം വെക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ആള്‍ക്കാരില്‍ നിന്നും പണം തട്ടുന്നു. പിന്നീട് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ ഇവ വ്യാജമാണെന്ന് തിരിച്ചറിയുകയും തങ്ങള്‍ തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു.
ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും അത്തരം വേഷധാരികളെ കണ്ടാലോ പെരുമാറ്റത്തില്‍ എന്തെങ്കിലും സംശയം തോന്നിയാലോ ഉടന്‍ പോലീസുമായി ബന്ധപ്പെടണമെന്നും ആര്‍സിഎംപി അറിയിച്ചു. തട്ടിപ്പ് സംഘങ്ങളില്‍ കുട്ടികള്‍ കൂടി ഉള്‍പ്പെടുന്നുവെന്നത് വലിയ ആശങ്കയ്ക്കിടയാക്കുന്നുവെന്നും പോലീസ് വ്യക്തമാക്കി.