മയക്കുമരുന്ന് കടത്തുന്നതായും ഉപയോഗിക്കുന്നതായും ലഭിച്ച സംശയാസ്പദമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാല്‍ഗറി പോലീസ് സ്‌കൈവ്യൂ റാഞ്ചില്‍ നടത്തിയ റെയ്ഡില്‍ സെമി-ഓട്ടോമാറ്റിക് റൈഫിള്‍, കൊക്കെയ്ന്‍, 10,000 ഡോളര്‍ പണം എന്നിവ കണ്ടെത്തി. സ്‌കൈവ്യൂ റാഞ്ചില്‍ വീടുകളിലും മൂന്ന് കാറുകളിലുമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് പിടികൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടെനി വാങ്(21), റുവാച്ച് ബാങ്(24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ മയക്കുമരുന്ന് കടത്തല്‍, ലൈസന്‍സ് ഇല്ലാതെ അനധികൃതമായി തോക്ക് കൈവശം വെക്കല്‍ തുടങ്ങിയ നിരവധി കുറ്റങ്ങള്‍ ചുമത്തി.
അനധികൃത മയക്കുമരുന്ന് കച്ചവടവും കടത്തലും സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജൂണ്‍ മാസത്തിലാണ് പരിശോധന ആരംഭിച്ചത്. പരിശോധനയുടെ ഭാഗമായി ഒക്ടോബര്‍ 13 ന് 128 അവന്യു എന്‍.ഇയുടെ 4600 ബ്ലോക്കിലെ വീട്ടിലും വാഹനങ്ങളിലുമായി നടത്തിയ റെയ്ഡിലാണ് സാധനങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഈ മൂന്ന് കാറുകളും പോലീസ് പിടിച്ചെടുത്തു.
രണ്ട് പ്രതികളെയും നവംബര്‍ 4ന് കോടതിയില്‍ ഹാജരാക്കും.