ഒന്റാരിയോയില്‍ 'റൂഫിംഗ് സ്‌കാം': 92 കാരിക്ക് നഷ്ടമായത് 4,500 ഡോളര്‍ 

By: 600002 On: Oct 26, 2022, 9:26 AM


ഒന്റാരിയോയില്‍ 92 വയസ്സുകാരിക്ക് റൂഫിംഗ് സ്‌കാമില്‍ 4,500 ഡോളര്‍ നഷ്ടമായി. റൂഫിംഗ് ജോലി ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ബൂട്ടുകളും കയ്യുറകളും ധരിച്ച ഒരാള്‍ എറ്റോബിക്കോക്കിലെ വീട്ടില്‍ വന്നതായി തട്ടിപ്പിനിരയായ വിന്നിഫ്രെഡ് ഡേവി പറയുന്നു.  17,000 ഡോളറിന് തന്റെ വീട്ടിലെ മേല്‍ക്കൂര അറ്റകുറ്റപണി ചെയ്തു തരാമെന്ന് പറഞ്ഞു. എന്നാല്‍ നാല് വര്‍ഷം മുമ്പ് മാത്രമാണ് റൂഫ് നിര്‍മിച്ചതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയപ്പോള്‍ പ്രദേശത്തെ വീടുകള്‍ പരിശോധിക്കാന്‍ താന്‍ ഡ്രോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും മേല്‍ക്കൂരയില്‍ കേടുപാടുകള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും തട്ടിപ്പുകാരന്‍ പറഞ്ഞു. 

മേല്‍ക്കൂരയില്‍ ദ്വാരമുള്ളതായും ചിമ്മിനിക്ക് കേടുപാട് പറ്റിയതായും പറഞ്ഞു. ഇയാള്‍ പറഞ്ഞത് വിശ്വസിച്ച് റൂഫില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ താന്‍ സമ്മതിക്കുകയായിരുന്നുവെന്ന് ഡേവി പറഞ്ഞു. ലോക്കല്‍ ബാങ്കില്‍ നിന്ന് ഡേവി 4,500 ഡോളര്‍ പിന്‍വലിച്ച് തട്ടിപ്പുകാരന് കൊടുത്തു. അറ്റകുറ്റപ്പണികള്‍ നടത്താന്‍ തന്റെ ജോലിക്കാര്‍ മണിക്കൂറിനുള്ളില്‍ വരുമെന്ന് പറഞ്ഞെങ്കിലും ആരും വന്നില്ലെന്ന് അവര്‍ പറഞ്ഞു. പണവുമായി പോയയാള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഇതൊരു തട്ടിപ്പാണെന്ന് ഡേവി തിരിച്ചറിയുകയായിരുന്നു. 

ഡേവിക്ക് ലഭിച്ച കരാര്‍ വിവരങ്ങളില്‍ കമ്പനിയുടെ പേര് അണ്ടര്‍വുഡ് റൂഫിംഗ് ആന്‍ഡ് മേസണ്‍റി എന്നാണ്. എന്നാല്‍ അവരെ കോണ്‍ടാക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. ഇ-മെയിലിലും ഫോണ്‍ നമ്പറിലും ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സേവനത്തിലില്ല എന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് ഡേവി കണ്‍സ്ട്രക്ഷന്‍ ജോലിക്കാരെ വിട്ട് റൂഫ് പരിശോധിച്ചപ്പോള്‍ തട്ടിപ്പുകാരന്‍ പറഞ്ഞതുപോലെയുള്ള കേടുപാടികളൊന്നും കണ്ടെത്താനും കഴിഞ്ഞില്ല. 

ഇത്തരത്തില്‍ തട്ടിപ്പ് നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെയിരിക്കണമെന്ന് ഒന്റാരിയോ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ മുന്നറിയിപ്പ് നല്‍കി. അനാവശ്യമായുള്ള റൂഫിംഗ് ഓഫറുകള്‍ സ്വീകരിക്കാതിരിക്കുക, അഥവാ എന്തെങ്കിലും അറ്റകുറ്റപണികള്‍ നടത്തുന്നുണ്ടെങ്കില്‍ അത് പൂര്‍ത്തിയാകുന്നതു വരെ ജോലിക്ക് മുന്‍കൂറായി പണം നല്‍കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.