ടൊറന്റോ സിറ്റി കൗണ്‍സിലില്‍ 9 പുതുമുഖങ്ങള്‍; ആദ്യമായി ഒരു മുസ്ലിം വനിതാ കൗണ്‍സിലറും 

By: 600002 On: Oct 26, 2022, 8:34 AM

 

ഈ വര്‍ഷം ടൊറന്റോ സിറ്റി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് 9 പുതുമുഖങ്ങളാണ്. ഇതില്‍ ആദ്യമായി ഒരു  മുസ്ലിം വനിതാ കൗണ്‍സിലറും ഉള്‍പ്പെട്ടിട്ടുണ്ടെന്നത് ഏറെ അഭിമാനകരമാണ്. ഡൗണ്‍ടൗണ്‍ വാര്‍ഡ് 10-സ്പാഡിന-ഫോര്‍ട്ട് യോര്‍ക്ക് കൗണ്‍സിലര്‍ സ്ഥാനത്തേക്ക് 36.6 ശതമാനം വോട്ടുകള്‍ നേടി വിജയിച്ച ഔസ്മ മാലിക്കാണ്(38) ടൊറന്റോ സിറ്റി കൗണ്‍സിലിലെ മുസ്ലിം വനിതാ പ്രതിനിധി.  

ടൊറന്റോയിലെ പുരോഗമന രാഷ്ട്രീയ നേതൃത്വത്തിന്റെ മുഖം മാത്രമല്ല, അതിന്റെ അസ്തിത്വവും തങ്ങള്‍ മാറ്റുകയാണെന്ന് വിജയ പ്രഖ്യാപന വേളയില്‍ മാലിക് മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ 21.3 ശതമാനം വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തിയ ഏപ്രില്‍ എംഗല്‍ബര്‍ഗ് ഉള്‍പ്പെടെ 11 എതിരാളികള്‍ക്കെതിരെയാണ് മാലിക് മത്സരിച്ചത്. 

ഇതാദ്യമായല്ല മാലിക്ക് രാഷ്ട്രിയ മേഖലയില്‍ ചരിത്രം കുറിക്കുന്നത്. 2014 മുതല്‍ 2018 വരെ വാര്‍ഡ് 10-ട്രിനിറ്റി-സ്പാഡിനയുടെ ടൊറന്റോ ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാനഡയിലെ പബ്ലിക് ഓഫീസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഹിജാബ് ധരിച്ച ആദ്യ മുസ്ലിം വനിതയാണ് മാലിക്ക്. കൂടാതെ നിരവധി മേഖലകളില്‍ നേതൃത്വം വഹിച്ചിട്ടുണ്ട്. 

അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പാക്കിസ്ഥാനില്‍ നിന്നും കാനഡയിലേക്ക് കുടിയേറിയവരാണ് മാലിക്കിന്റെ മാതാപിതാക്കള്‍. മാലിക്കും സഹോദരങ്ങളും ടൊറന്റോയിലാണ് വളര്‍ന്നത്. ടൊറന്റോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി. പോളിസി, കമ്യൂണിക്കേഷന്‍സ് ആന്‍ഡ് കമ്യൂണിറ്റി ഓര്‍ഗനൈസിംഗില്‍ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. കൂടാതെ മികച്ച മനുഷ്യാവകാശ, സാമൂഹിക നീതി ആക്ടിവിസ്റ്റ് കൂടിയാണ് മാലിക്ക്.