രാത്രി അഞ്ച് മണിക്കൂറോ അതില്‍ താഴെയോ ഉറങ്ങുന്നവരില്‍ മാറാവ്യാധികള്‍ക്ക് സാധ്യത കൂടുതല്‍: പഠനം 

By: 600002 On: Oct 25, 2022, 12:22 PM


രാത്രി അഞ്ച് മണിക്കൂര്‍ മാത്രം ഉറങ്ങുകയോ അതില്‍ കുറവ് സമയം ഉറങ്ങുകയോ ചെയ്യുന്നവരില്‍ ഒന്നിലധികം തീരാവ്യാധികള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. 25 വര്‍ഷത്തെ ഡാറ്റ ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ 50,60,70 വയസ്സിനിടയിലുള്ള 7,000 ത്തിലധികം പേരുടെ ഉറക്കത്തിന്റെ ദൈര്‍ഘ്യമാണ് പരിശോധിച്ചത്. പഠന റിപ്പോര്‍ട്ട് പിയര്‍-റിവ്യൂഡ് ജേണലായ PLOS Medicine ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

സ്ഥിരമായി അഞ്ച് മണിക്കൂര്‍ ഉറങ്ങുകയോ അതില്‍ കുറവ് ഉറങ്ങുകയോ ചെയ്യുന്ന 50 വയസ്സുള്ളവരില്‍ വിട്ടുമാറാത്ത രോഗങ്ങള്‍ ഉണ്ടാകാനുളള സാധ്യത 40 ശതമാനം കൂടുതലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. പ്രായമാകുമ്പോള്‍ ആളുകളുടെ ഉറക്കശീലങ്ങളും ഉറക്കത്തിന്റെ ഘടനയും മാറുന്നു. ഇത് രോഗങ്ങള്‍ ബാധിക്കുന്നതിനെ സ്വാധീനിക്കുന്നുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജി ആന്‍ഡ് ഹെല്‍ത്തിലെ സെവറിന്‍ സാബിയ പറയുന്നു. പ്രായഭേദമന്യേ രാത്രി ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നതാണ് അഭികാമ്യം എന്നാണ് എപ്പോഴും ശുപാര്‍ശ ചെയ്യപ്പെടുന്നതെന്ന് സാബിയ വ്യക്തമാക്കി.