''കാനഡയിലെ സ്‌കൂളുകളില്‍ ചെസ്സ് പാഠ്യപദ്ധതിയുടെ ഭാഗമാക്കണം''

By: 600002 On: Oct 25, 2022, 11:54 AM


കാനഡയിലെ ഒരു കായിക വിനോദമെന്ന നിലയില്‍ ചെസ്സ് മത്സരങ്ങള്‍ക്ക് ധനസഹായം നല്‍കേണ്ട സമയമാണിതെന്ന് ചെസ് രംഗത്തെ പ്രമുഖ മത്സരാര്‍ത്ഥിയും ട്രെന്റ് യൂണിവേഴ്‌സിറ്റിയിലെ ഫിലോസഫി അസോസിയേറ്റ് പ്രാഫസറുമായ മൈക്കല്‍ ഹിക്‌സണ്‍. നിക്ഷേപം നടത്തുന്നതിനൊപ്പം ചെസ് കളിയെ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത് പരിഗണിക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കാനഡയിലും യുഎസിലും ചെസിന് ഒരു നീണ്ട ചരിത്രമുണ്ട്. ഇത് പുതിയതൊന്നുമല്ല. എന്നാല്‍ മറ്റ് കായിക ഇനങ്ങള്‍ക്ക് ലഭിച്ച അത്രയും പ്രശസ്തിയോ ശ്രദ്ധയോ ചെസിന് ലഭിച്ചിട്ടില്ലെന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. 

മോണ്‍ട്രിയലിലെ ഷോണ്‍ റോഡ്രിഗ്-ലെമിയക്‌സ്(18) കഴിഞ്ഞ മാസം അണ്ടര്‍ 18 ലോക ചെസ് ചാമ്പ്യന്‍ കിരീടം നേടിയിരുന്നു. കൂടാതെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്ററാകുന്ന ക്യുബെക്ക് സ്വദേശി എന്ന പേരും ലെമിയക്‌സ് നേടിയിരുന്നു. ലെമിയക്‌സിനെ പോലെ ഇന്നത്തെ ചെറുപ്പക്കാര്‍ ചെസ് മത്സരങ്ങളില്‍ ആവേശകരമായി പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് ഹിക്‌സണ്‍ പറയുന്നു. 

റഷ്യയിലും, അര്‍മേനിയയിലുമെല്ലാം ചെസിന് നല്ലൊരു സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഫിസിക്കല്‍ ഗെയിം അല്ലാത്തതിനാല്‍ സ്‌പോര്‍ട്ട് കാനഡ ചെസിനെ കായിക ഇനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ടൂര്‍ണമെന്റുകളില്‍ ഒരുദിവസം ഒന്നിലധികം ഗെയിമുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശാരീരികമായും മാനസികമായും ഏറെ ക്ഷീണിക്കുന്ന മത്സരഇനമാണ് ചെസെന്ന് അദ്ദേഹം വിശദീകരിക്കുന്നു.