ചികിത്സയ്ക്കായി കാത്തിരുന്നത് 16 മണിക്കൂര്‍; ക്യുബെക്കില്‍ രോഗി ഡോക്ടറുടെ കണ്‍മുന്നില്‍ മരിച്ചു

By: 600002 On: Oct 25, 2022, 11:13 AM


ക്യുബെക്കില്‍ എമര്‍ജന്‍സി റൂമില്‍ കാത്തിരുന്ന രോഗി തന്റെ കണ്‍മുന്നില്‍ മരിച്ചതിന്റെ ഞെട്ടലിലാണ് ഇപ്പോഴും ഓംസ്റ്റണിലെ ബാരി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ എമര്‍ജന്‍സി റൂം ഡോക്ടറായ ഡോ. സെബാസ്റ്റിയന്‍ മാരിന്‍. ദൈര്‍ഘ്യമേറിയ കാത്തിരിപ്പ് സമയങ്ങള്‍ രോഗികളുടെ ജീവനെടുത്ത് തുടങ്ങുമ്പോള്‍ അപകടകരമായ സ്ഥിതിവിശേഷത്തിലൂടെയാണ് പ്രവിശ്യയിലെ ആരോഗ്യ പരിപാലന സംവിധാനം കടന്നുപോകുന്നതെന്ന് ആശങ്കപ്പെടുകയാണ് ഡോ. മാരിന്‍. 

ജീവന്‍ നഷ്ടമായ 70കാരനായ രോഗിക്ക്, അടിയന്തര പരിചരണം ലഭിക്കാന്‍ 16 മണിക്കൂറാണ് എമര്‍ജന്‍സി വെയ്റ്റിംഗ് റൂമില്‍ കാത്തിരിക്കേണ്ടി വന്നത്. ഇത്രയും നേരം അയാള്‍ ജീവനു വേണ്ടി പൊരുതുകയായിരുന്നുവെന്ന് മാരിന്‍ പറയുന്നു. ധമനി വീക്കം മൂലമാണ് രോഗി മരിച്ചത്. രോഗി അതിജീവിക്കുമെന്ന് നൂറ് ശതമാനം ഉറപ്പ് നല്‍കാന്‍ കഴിയില്ല. പക്ഷേ, ശരിയായ സമയത്ത് ചികിത്സ ലഭ്യമാക്കിയിരുന്നെങ്കില്‍ അയാള്‍ അതിജീവിക്കുമായിരുന്നുവെന്ന് മാരിന്‍ പറയുന്നു. തനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്ന് അദ്ദേഹം ട്വിറ്ററില്‍ ദു:ഖം രേഖപ്പെടുത്തി.  

ഇത്തരത്തില്‍ ക്യുബെക്കിലെ മോണ്ടെറെജി മേഖലയില്‍, എട്ട് എമര്‍ജന്‍സി റൂമുകളില്‍ ആറെണ്ണത്തിലും തിങ്കളാഴ്ച രോഗികളുടെ പരമാവധി ശേഷി കവിഞ്ഞിരുന്നു. എമര്‍ജന്‍സി റൂമുകളില്‍ പതിവില്‍ കൂടുതലുണ്ടാകുന്ന തിരക്ക് രോഗികള്‍ക്ക് ദുരിതമാണ് ഉണ്ടാക്കുകയെന്നും   ഇത് ആശങ്കയ്ക്കിടയാക്കുന്നുവെന്നും ഇആര്‍ ഡോക്ടര്‍മാര്‍ പറയുന്നു.