കാനഡയില്‍ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിക്കുന്നത് ഉപഭോക്താക്കളെ വലച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഗ്രോസറി സ്‌റ്റോര്‍ കോംപറ്റീഷന്‍ സംബന്ധിച്ച് പഠനം നടത്താന്‍ ഒരുങ്ങുകയാണ് കോംപറ്റീഷന്‍ ബ്യൂറോ ഓഫ് കാനഡ. ഈ മേഖലയിലുള്ള മത്സരത്തിലൂടെ ഗ്രോസറി സാധനങ്ങളുടെ വിലക്കയറ്റത്തെ സര്‍ക്കാരുകള്‍ക്ക് എങ്ങനെ ചെറുക്കാനാകുമെന്നാണ് പരിശോധിക്കുന്നതെന്ന് കോംപറ്റീഷന്‍ ബ്യൂറോ വ്യക്തമാക്കുന്നു.
കാനഡയിലെ ഉപഭോക്താക്കള്‍ക്കിടയില്‍ പര്‍ച്ചേസിംഗ് പവര്‍ നഷ്ടപ്പെടുന്നതായി കണ്ടു തുടങ്ങിയിട്ടുണ്ടെന്നും ഇത് പ്രത്യേകിച്ചും ഗ്രോസറി ഐറ്റംസ് വാങ്ങുമ്പോഴാണ് കൂടുതല്‍ പ്രകടമാകുന്നതെന്നും രാജ്യത്ത് ഗ്രോസറി വില 40 വര്‍ഷത്തിനിടയിലെ ഏറ്റവും വേഗമേറിയ നിരക്കിലാണ് വര്‍ധിക്കുന്നതെന്നും കോംപറ്റീഷന്‍ ഏജന്‍സി പറയുന്നു.
കാലാവസ്ഥ രൂക്ഷമാകുന്നത്, ഉയര്‍ന്ന ഇന്‍പുട്ട് ചെലവ്, ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ ഭക്ഷ്യവിലകയറ്റത്തെ സ്വാധീനിച്ചതായി കരുതുന്നു. ഇതിനോടൊപ്പം മത്സരാധിഷ്ഠിത വിപണികളും കാരണമാകുന്നുണ്ടോ എന്ന് കണ്ടെത്താന്‍ വിശദമായി പഠിക്കേണ്ടതുണ്ടെന്ന് ബ്യൂറോ വ്യക്തമാക്കി. കാനഡയിലെ ആരോഗ്യപരമായ മത്സരം പ്രൊട്ടക്ട് ചെയ്യുന്നതിനും പ്രൊമോട്ട് ചെയ്യുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഏജന്‍സി, 2023 ജൂണോടെ വിഷയം പൂര്‍ണമായി പഠിച്ച് കണ്ടെത്തലുകള്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.