100,000 പേര്‍ക്ക് ഒരു ഗൈനക്കോളജിസ്റ്റ്; ലെത്ത്ബ്രിഡ്ജില്‍ ഡോക്ടര്‍മാരുടെ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട് 

By: 600002 On: Oct 25, 2022, 9:38 AM

 

ആല്‍ബെര്‍ട്ടയിലെ ലെത്ത്ബ്രിഡ്ജില്‍ ഫിസിഷ്യന്മാരുടെ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ രോഗികള്‍ ബുദ്ധിമുട്ടിലാവുകയാണ്. ഡോക്ടര്‍മാരുടെ ക്ഷാമത്തിനെതിരെ പ്രതിപക്ഷവും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഏകദേശം 100,000 ജനസംഖ്യയുള്ള തെക്കന്‍ ആല്‍ബെര്‍ട്ട കമ്മ്യൂണിറ്റിയില്‍ ഒരു ഗൈനക്കോളജിസ്റ്റ്(OBGYN)  മാത്രമേ ഉള്ളൂവെന്ന് എന്‍ഡിപി പറയുന്നു. ലെത്ത്ബ്രിഡ്ജ് വെസ്റ്റ് എംഎല്‍എ ഷാനന്‍ ഫിലിപ്പ് പ്രവിശ്യയില്‍ യുസിപി സര്‍ക്കാര്‍ അരാജകത്വം സൃഷ്ടിച്ചിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി. 

ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭിണികള്‍ക്കും, സിസേറിയന്‍ ആവശ്യമുള്ളവര്‍ക്കും, മറ്റ് ഫെര്‍ട്ടിലിറ്റി സപ്പോര്‍ട്ടുകള്‍ ആവശ്യമുളളവര്‍ക്കും അത്യാവശ്യമാണ് ഒരു ഗൈനക്കോളജിസ്റ്റിന്റെ സാന്നിധ്യം. അത് ലഭിക്കാതെ വരുമ്പോള്‍ സ്ഥിതി വഷളാവുകയും രോഗികളില്‍ ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്നതായി ഈ രംഗത്തുള്ളവര്‍ പറയുന്നു. 

അതേസമയം, ലെത്ത്ബ്രിഡിജില്‍ ഗൈനക്കോളജിസ്റ്റുകള്‍ കുറവാണെന്ന പ്രശ്‌നത്തെ കുറിച്ച് അറിയാമെന്ന് എഎച്ച്എസ് പ്രതികരിച്ചു. കമ്യൂണിറ്റി നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണെന്നും അതിന്റെ ഭാഗമായി ചിനൂക്ക് റീജിയണല്‍ ഹോസ്പിറ്റലില്‍ പ്രിനേറ്റല്‍ ക്ലിനിക് എന്ന സ്‌പെഷ്യല്‍ പ്രോഗ്രാമിലൂടെ നടപടികള്‍ സ്വീകരിച്ചതായും എഎച്ച്എസ് അറിയിച്ചു.