ബീസി ഹെല്‍ത്ത് കെയര്‍ ഫെസിലിറ്റികളില്‍ നൂറുകണക്കിന് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ നിയമിക്കുന്നു 

By: 600002 On: Oct 25, 2022, 9:03 AM


ബീസിയിലെ ആരോഗ്യ പരിപാലന കേന്ദ്രങ്ങളില്‍ ജോലിസ്ഥലത്തെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നൂറുകണക്കിന് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. പ്രൊവിന്‍ഷ്യല്‍ ഫണ്ടിംഗ് വഴിയാണ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ നിയമിക്കുന്നതെന്ന് ആരോഗ്യമന്ത്രി അഡ്രിയാന്‍ ഡിക്‌സ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

320 ഓഫീസര്‍മാരെയും 14 വയലന്‍സ് പ്രിവന്‍ഷന്‍ ലീഡുകളെയുമാണ് നിയമിക്കുന്നത്. നഴ്‌സുമാരുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരേ നടക്കുന്ന ആക്രമണ സ്വഭാവമുള്ള എന്തെങ്കിലും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞ 26 സൈറ്റുകളില്‍ ഈ ഓഫീസര്‍മാരും ലീഡുകളും പ്രവര്‍ത്തിക്കും. 

മിക്ക ആരോഗ്യ പ്രവര്‍ത്തകരും അവരുടെ ജോലി സ്ഥലത്ത് ആക്രമണത്തിനിരയാവുകയോ മറ്റ് ജീവനക്കാരെ ആക്രമിക്കുന്നത് കാണുകയോ ചെയ്തിട്ടുണ്ടെന്നും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ അവരുടെ ശാരീരിക, മാനസികാരോഗ്യത്തെ ബാധിക്കുമെന്നും ഡിക്‌സ് പറഞ്ഞു. ജോലിയില്‍ നിന്ന് അവധിയെടുക്കുകയോ ജോലി തന്നെ പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്യുന്നവരാണ് അക്രമണത്തിനിരയായവര്‍ മിക്കവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജോലിസ്ഥലത്ത് നഴ്‌സുമാരാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ക്കിരയാകുന്നതെന്ന് ബീസി നഴ്‌സസ് യൂണിയന്‍ പ്രസിഡന്റ് പറയുന്നു. മാനസികപീഡനങ്ങളും ശാരീരികോപദ്രങ്ങളും ഏറ്റുവാങ്ങുന്നവരും ലൈംഗികമായി പീഡനത്തിന് വിധേയരാകുന്നവര്‍ വരെയുണ്ട്. ഇതില്‍ നിന്നെല്ലാം ജീവനക്കാരെ രക്ഷിക്കുക എന്നതാണ് പുതിയ തസ്തികകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ആരോഗ്യ പരിപാലന കേന്ദ്രങ്ങളെയും അവിടെയുള്ള ജീവനക്കാരെയും ഒരുപോലെ സംരക്ഷിക്കുക എന്നതാണ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരുടെയും ലീഡുകളുടെയും ഉത്തരവാദിത്തം.