ഋഷി സുനക് എന്ന 42കാരനായ ഇന്ത്യന്‍ വംശജന് ചരിത്രം കുറിച്ചിരിക്കുകയാണ്. ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരന് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. യു.കെ പ്രധാനമന്ത്രി പദത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വത്തിന് മതിയായ പിന്തുണ ലഭിക്കാതെ വന്നതോടെ മുഖ്യ എതിരാളിയും പൊതുസഭാ നേതാവുമായ പെന്നി മോര്‍ഡന്റ് പിന്മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഋഷിക്ക് വഴി തെളിഞ്ഞത്.
ഏഴ് മാസത്തിനിടെ ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന മൂന്നാമത്തെയാളാണ് ഋഷി. ബോറിസ് ജോണ്‍സന്റെ രാജിക്ക് പിന്നാലെ അധികാരത്തിലെത്തിയ ലിസ് ട്രസ്, സാമ്പത്തിക നയങ്ങളുടെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിട്ടതോടെ രാജി വെച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഋഷിയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു മുമ്പ് ലിസ് അധികാരത്തിലെത്തിയത്. എന്നാല്‍ ഋഷിയെ ഭാഗ്യം തുണച്ചു. ലിസ് രാജി വെച്ചതോടെ പ്രധാനമന്ത്രി പദം ഋഷി സുനക് ഉറപ്പിച്ചു. 193 അംഗങ്ങളുടെ പിന്തുണയാണ് നിലവില്‍ ഋഷിക്കുള്ളത്.
34 വര്‍ഷത്തെ ചരിത്രം തിരുത്തി ആദ്യമായി സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ മുഖ്യധാരാ രാഷ്ട്രീയ നേതാവ് കൂടിയാണ് ഋഷി സുനക്. സണ്‍ഡേ ടൈംസിന്റെ കണക്ക് പ്രകാരം സുനകിനും ഭാര്യ അക്ഷതയ്ക്കും 730 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടിന്റെ ആസ്തിയാണുള്ളത്. ബ്രിട്ടണിലെ ധനികരുടെ പട്ടികയില്‍ 222-ാം സ്ഥാനമാണ് ഇവര്‍ക്ക്. നിരവധി വിവാദങ്ങളും ഇവരെ തേടിയെത്തിയിരുന്നു. ഈ വിവാദങ്ങളെല്ലാം പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴിയില്‍ ഋഷി സുനകിന് തിരിച്ചടിയായിരുന്നു. എന്നാല്‍ അതെല്ലാം തരണം ചെയ്ത് അദ്ദേഹം പ്രധാനമന്ത്രി പദം എന്ന വലിയ സ്ഥാനത്തേക്കെത്തിയത് അഭിമാനിക്കാവുന്ന കാര്യമാണ്. പ്രധാനമന്ത്രിമാര്‍ വാഴാത്ത ബ്രിട്ടനില്‍, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടന് ഋഷി സുനക് രക്ഷകനാകുമോ എന്നാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്.