ഈ സാമ്പത്തിക വര്‍ഷം 300,000 പേര്‍ക്ക് പൗരത്വം; ലക്ഷ്യം കൈവരിക്കാന്‍ ഐആര്‍സിസി 

By: 600002 On: Oct 24, 2022, 11:49 AM


2022-23 സാമ്പത്തിക വര്‍ഷം 300,000 പേര്‍ക്ക് പൗരത്വം നല്‍കാന്‍ ലക്ഷ്യമിടുന്നതായി ഇമിഗ്രേഷന്‍, റെപ്യുജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(ഐആര്‍സിസി) അറിയിച്ചു. ഐആര്‍സിസിയുടെ ഓപ്പറേഷന്‍സ്, പ്ലാനിംഗ് ആന്‍ഡ് പെര്‍ഫോമന്‍സ് ഡിവിഷന്‍ തയാറാക്കിയ മെമ്മോയില്‍ 2023 മാര്‍ച്ച് 31 നകം മൊത്തം 285,000 ഡിസിഷനുകളും 300,000 പുതിയ പൗരന്മാരെയും പ്രോസസ് ചെയ്യാന്‍ ശുപാര്‍ഷ ചെയ്യുന്നു. ഈ സിറ്റിസണ്‍ഷിപ്പ് ലക്ഷ്യം അര്‍ത്ഥമാക്കുന്നത് 300,000 അംഗീകൃത അപേക്ഷകര്‍ വ്യക്തിപരമായി പൗരത്വ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ്. 

2021-22 സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഗണ്യമായ വര്‍ധനവാണ് ഇത് രേഖപ്പെടുത്തുന്നത്. അന്ന് 217,000 പുതിയ പൗരന്മാര്‍ എന്ന ലക്ഷ്യം ഐആര്‍സിസി കൈവരിച്ചിരുന്നു. നിലവില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കാനഡ സ്വീകരിച്ചത് 116,000 പുതിയ പൗരന്മാരെയാണ്. 

കഴിഞ്ഞ തവണത്തേതില്‍ നിന്നും ഇത്തവണ പ്രോസസിംഗ് മൊത്തത്തില്‍ ഡിജിറ്റലൈസ് ആവുകയാണെന്ന സവിശേഷതയും ഉണ്ട്. 18 വയസ്സിന് മുകളിലുള്ള എല്ലാ അപേക്ഷകരുടെയും അപേക്ഷകളുടെ പ്രോസസിംഗ് പേപ്പറുകളില്‍ നിന്നും മാറി ഡിജിറ്റലായിരിക്കും. ഇതിലൂടെ പുതിയ അപേക്ഷകര്‍ക്കുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാമെന്ന് ഐആര്‍സിസി വ്യക്തമാക്കി. എന്നാല്‍ ഇപ്പോഴും പേപ്പര്‍ ആപ്ലിക്കേഷനുകളുടെ വലിയ ബാക്ക്‌ലോഗ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ബാക്ക്‌ലോഗ് കുറയ്ക്കുന്നതിനും പുതിയ അപേക്ഷകളില്‍ 80 ശതമാനവും സേവന മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രോസസ് ചെയ്യുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചതായി ഐആര്‍സിസി പറയുന്നു. ഇതിനായി ആയിരത്തിലധികം പുതിയ ജീവനക്കാരെ നിയമിച്ചു. ഇതോടെ പ്രോസസിംഗ് വേഗത്തിലാകുമെന്നും കാലാവധി കുറയുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.canadavisa.com/ircc.html സന്ദര്‍ശിക്കുക.