മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജോലി: കോളേജ് ട്യൂഷന്‍ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി യുഎസ് കമ്പനികള്‍  

By: 600002 On: Oct 24, 2022, 11:23 AM


കോളേജ് ട്യൂഷന്‍ ആനുകൂല്യങ്ങള്‍ ഉപയോഗിച്ച് യുഎസ് കമ്പനികള്‍ മണിക്കൂര്‍ വേതനത്തില്‍ ജോലി ചെയ്യുന്നവരെ കൂടുതലായി ആകര്‍ഷിക്കുന്നു. തങ്ങളുടെ മുന്‍നിര ജീവനക്കാര്‍ക്കായി സൗജന്യമായോ അല്ലാതെയോ ആയ കോളേജ് പ്രോഗ്രാമുകള്‍ യുഎസിലെ ഒരു ഡസനിലധികം കമ്പനികള്‍ ആരംഭിച്ചിരുന്നു. 2021 മുതല്‍ മാത്രം വാള്‍മാര്‍ട്ട്, ആമസോണ്‍, ടാര്‍ഗെറ്റ്, മാസിസ്, സിറ്റി ആന്‍ഡ് ലോവ്‌സ് എന്നിവ 3 മില്യണ്‍ ജീവനക്കാര്‍ക്കായി സൗജന്യ കോളേജ് എജുക്കേഷന്‍ ലഭ്യമാക്കിയിരുന്നു. 

തൊഴില്‍ വിപണിയില്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനും നിലനിര്‍ത്തുന്നതിനും അല്ലെങ്കില്‍ മാനേജ്‌മെന്റ് പൊസിഷനുകള്‍ക്കായി അവരെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമായാണ് കമ്പനികള്‍ ഇത്തരം പ്രോഗ്രാമുകളെ കാണുന്നത്. മണിക്കൂര്‍ അനുസരിച്ച് കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രോഗ്രാമിന്റെ ഭാഗമായി സാമ്പത്തിക സഹായവും ലഭിക്കുന്നു. 

ആയിരക്കണക്കിന് പേര്‍ ഇപ്പോള്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നുണ്ട്. അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി മുഖേന ഓണ്‍ലൈന്‍ കോളേജ് പ്രോഗ്രാം നടത്തുന്ന സ്റ്റാര്‍ബക്‌സ് പറയുന്നത് 22,000 തൊഴിലാളികള്‍ നിലവില്‍ തങ്ങളുടെ പ്രോഗ്രാമില്‍ എന്റോള്‍ ചെയ്തിട്ടുണ്ടെന്നാണ്. ഇത്തരത്തില്‍ നിരവധി കമ്പനികളാണ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുകയും അവരുടെ കോളേജ് പഠനത്തിനായുള്ള സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്നത്. പ്രോഗ്രാം ന്യൂനപക്ഷങ്ങള്‍ക്കും അവസരമൊരുക്കുന്നതായി കമ്പനികള്‍ പറയുന്നു. എന്റോള്‍ ചെയ്യുന്നവരില്‍ സ്ത്രീകളും നിരവധിയായിട്ടുണ്ട്.