പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ ക്യുബെക്കില്‍ പതിനായിരക്കണക്കിന് പക്ഷികളെ കൊന്നൊടുക്കിയതായി റിപ്പോര്‍ട്ട്. വൈറസ് സ്ഥിരീകരിച്ചതിന് ശേഷം സെന്റ്-അല്‍ഫോണ്‍സ്-ഡി-ഗ്രാന്‍ബിയിലെ ഒരു ഫാമില്‍ 75,000 കോഴികളെ വാതകമുപയോഗിച്ച് കൊന്നതായി അധികൃതര്‍ അറിയിച്ചു.
ഇതിന് സമീപമുള്ള ഫാമില്‍ 11,000 ടര്‍ക്കികളെ കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി കൊന്നതായി പൗള്‍ട്രി ഫാര്‍മേഴ്‌സ് ക്യുബെക്കിന്റെ പ്രസിഡന്റ് പിയറി-ലൂക് ലെ ബ്ലാങ്ക് പറഞ്ഞു. ഫാമുകളെല്ലാം അടുത്ത് അടുത്തായി സ്ഥിതി ചെയ്യുന്നതാനാല്‍ വൈറസിന്റെ വ്യാപനം വളരെ വേഗത്തിലാണെന്നും രൂക്ഷമാണെന്നും അദ്ദേഹം വ്യക്തമാക്കി. 10 കിലോമീറ്ററിനുള്ളില്‍ 200 ഓളം ഫാമുകളാണുള്ളത്. ഈ ഏരിയയില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
വൈറസ് പടരുന്നത് തടയാന്‍ കര്‍ശനമായ സംരക്ഷണ നടപടികള്‍ സിറ്റി നടപ്പിലാക്കിയതായി ലെബ്ലാങ്ക് പറഞ്ഞു. ഫാമുകളില്‍ പ്രവേശിക്കുന്നതിന് മുമ്പ് വാഹനങ്ങള്‍ അണുവിമുക്തമാക്കുകയും ഫാമുകളിലെ ജീവനക്കാരും കര്‍ഷകരും ഉപയോഗിക്കുന്ന വസ്ത്രങ്ങളും ബൂട്ടുകളും മറ്റും ഇടയ്ക്കിടെ വൃത്തിയാക്കുന്നുണ്ട്.
കോഴികളും ടര്‍ക്കികളും ചത്തൊടുങ്ങിയതോടെ വരുമാനം നിലച്ച കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കുമെന്ന് കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്.