'ആരോഗ്യ മേഖലയിലെ സ്റ്റാഫിംഗ് പ്രശ്‌നങ്ങള്‍ക്ക് കാരണം എഎച്ച്എസിന്റെ തെറ്റായ തീരുമാനങ്ങള്‍'; ആല്‍ബെര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് 

By: 600002 On: Oct 24, 2022, 10:06 AM


ആല്‍ബെര്‍ട്ടയിലെ ആരോഗ്യപരിപാലന സംവിധാനത്തിലെ പ്രതിസന്ധികള്‍ സംബന്ധിച്ച് രൂക്ഷ വിമര്‍ശനവുമായി പ്രീമിയര്‍ ഡാനിയല്‍ സ്മിത്ത് രംഗത്ത്. ആരോഗ്യ മേഖലയിലെ സ്റ്റാഫിംഗ് പ്രശ്‌നങ്ങള്‍ക്ക് മുഖ്യ കാരണം ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസിലെ(എഎച്ച്എസ്) കാര്യക്ഷമമല്ലാത്ത പദ്ധതികളും തീരുമാനങ്ങളുമാണെന്ന് സ്മിത്ത് കുറ്റപ്പെടുത്തി. എഡ്മന്റണില്‍ യുസിപി വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

എഎച്ച്എസിന്റെ മോശം തീരുമാനങ്ങളാണ് ജീവനക്കാരുടെ കുറവ് സൃഷ്ടിച്ചതെന്ന് കരുതുന്നതായി അവര്‍ വ്യക്തമാക്കി. വര്‍ഷാവസനത്തോടെ എഎച്ച്എസ് ബോര്‍ഡിനെ പുറത്താക്കുന്നതുള്‍പ്പെടെ എഎച്ച്എസ് പുന:ക്രമീകരിക്കാന്‍ താന്‍ പദ്ധതിയിടുന്നതായി സ്മിത്ത് അറിയിച്ചു. 

അതേസമയം, പ്രീമിയറുടെ പ്രസ്താവനയ്‌ക്കെതിരെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്റ്റാഫ് ക്ഷാമം 'നിര്‍മിതം'  എന്നതുകൊണ്ട് പ്രീമിയര്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് ഇരുന്ന് ചര്‍ച്ച ചെയ്യണമെന്ന് മെഡിസിന്‍ ഹാറ്റിലെ എമര്‍ജന്‍സി റൂം ഫിസിഷ്യന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷം അങ്ങേയറ്റം ശ്രമകരവും വെല്ലുവിളി നിറഞ്ഞതും പ്രതിസന്ധികളുണ്ടായിരുന്നതുമായിരുന്നു. ഈ സമയത്ത് എഎച്ച്എസ് വളരെ കാര്യക്ഷമമായി തന്നെയാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

പ്രീമിയറിന്റെ പ്രസ്താവനയ്‌ക്കെതിരെ എന്‍ഡിപി നേതാക്കളും പ്രതിഷേധമറിയിച്ചിട്ടുണ്ട്.