വാര്‍ഷിക വാഹന ഉല്‍പ്പാദനം പ്രാരംഭ ലക്ഷ്യത്തേക്കാള്‍ താഴ്ന്ന നിലയിലെത്താന്‍ സാധ്യതയുണ്ടെന്ന് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍. ആഗോളതലത്തില്‍ സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമമാണ് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള വില്‍പ്പനയെ തടസ്സപ്പെടുത്തുന്നതിന് കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്.
ഏപ്രിലില്‍ ആരംഭിച്ച സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ ഇടക്കാല ലക്ഷ്യം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് 9.7 മില്യണ്‍ വാഹനങ്ങള്‍ എന്ന റെക്കോര്‍ഡ് വാര്‍ഷിക ഉല്‍പ്പാദന ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് കമ്പനി. ഓഗസ്റ്റില്‍ ഉല്‍പ്പാദനം കുതിച്ചുയര്‍ന്നു. എന്നാല്‍ ഒക്ടോബറിലും നവംബറിലും ഉല്‍പ്പാദനം യഥാക്രമം 750,000, 800,000 യൂണിറ്റുകളായിരിക്കുമെന്ന് കമ്പനി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള പ്രതിമാസ ഉല്‍പ്പാദനം(ശരാശരി 900,000 യൂണിറ്റ്) പ്രതീക്ഷിച്ചതിലും താഴെയാണ്.
കുതിച്ചുയരുന്ന പണപ്പെരുപ്പം, വര്‍ധിച്ചുവരുന്ന പലിശ നിരക്ക്, പ്രധാന വിപണികളില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകള്‍ എന്നിവ ഡിമാന്‍ഡുകളെ ഇല്ലാതാക്കുന്നുണ്ടെങ്കിലും സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമവും കോവിഡുമായി ബന്ധപ്പെട്ട പ്രതിസന്ധികളും നിയന്ത്രണങ്ങളും വാഹന ഉല്‍പ്പാദനത്തെ തടയുന്നതായാണ് കമ്പനി വിലയിരുത്തുന്നത്.