''ഇവിടമാണ് എനിക്ക് സുരക്ഷിതം'' ന്യുജെൻ മാര്യേജ് Part-6

By: 600009 On: Oct 23, 2022, 5:46 PM

Written by, Abraham George, Chicago.

ആനി, ഞാൻ ശാന്തമായി വിളിച്ചു. "നീയിപ്പോൾ വീട്ടിൽ പോകു, ബാക്കി കാര്യങ്ങൾ നമുക്ക് ആലോചിച്ച് തീരുമാനിക്കാം, അതല്ലെ അതിൻ്റെ ശരിയായ രീതി. നമുക്ക് എന്താണന്ന് വെച്ചാൽ ആലോചിച്ച് ചെയ്യാം. ദയവു ചെയ്തിപ്പോൾ ഇവിടെ നിന്നിറങ്ങണം, അല്ലാതെ നിവർത്തിയില്ല. ഈ ഫ്ലാറ്റിൽ ധാരാളം മനുഷ്യർ താമസിക്കുന്നതാണ്. അവരാരെങ്കിലും കണ്ടാൽ എന്തു വിചാരിക്കും. എന്തിനാണ് ആവശ്യമില്ലാത്ത ചീത്തപ്പേര് നമ്മൾ കേൾക്കുന്നത്. അതിൻ്റെ ആവശ്യമുണ്ടോ ആനി..? ആനി തന്നെയൊന്ന് ചിന്തിച്ച് നോക്ക്. ഇന്നലെ രാത്രി നടന്നതൊക്കെ നടന്നു, ആരും അറിഞ്ഞിട്ടുമില്ല. ഇനിയെങ്കിലും മാനോം മര്യാദയുമായി ജീവിക്കാൻ നോക്ക്. നമുക്ക് നമ്മളുടെതായ അന്തസ്സില്ലേ? അത് കളഞ്ഞ് കുളിക്കണോ? നീയാണങ്കിലോ സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തി. നല്ലൊരു സുഹൃദ് ബന്ധം നിനക്കിവിടെയില്ലേ? എന്നെക്കാൾ കൂടുതൽ നിനക്കല്ലേ നാണക്കേട് ഉണ്ടാകുന്നത്. നിൻ്റെ സഹോദരനാണങ്കിലോ, അറിയപ്പെടുന്ന ഒരു ഐ.ടി.കമ്പനി ഇവിടെ നടത്തുന്നു, അയാളെയെങ്കിലും ഓർക്കേണ്ടെ?"

"ഞാൻ എവിടെ പോകാൻ, ഞാനൊരിടത്തേക്കും പോകുന്നില്ല. നീ മാത്രമാണെനിക്ക് അഭയം. ഇവിടമാണ് എനിക്ക് സുരക്ഷിതം. ഞാൻ ഒന്നു തീരുമാനിച്ചാൽ അതിൽ നിന്ന് മാറ്റമില്ല. നീ എന്ത് വേണമെങ്കിലും ചെയ്തോ, എന്നെ കൊല്ലണമെന്ന് തോന്നുന്നുണ്ടെങ്കിൽ അതും ചെയ്തോ, നിൻ്റെ കൈ കൊണ്ടാകുമ്പോൾ അതെനിക്ക് സന്തോഷമാണ്." അവൾ പറഞ്ഞു.

"നീ എന്താണ് പറയുന്നതെന്ന് നിനക്കറിയോ? ഇന്നലത്തെ കള്ള് ഇപ്പോളും ഇറങ്ങിയിട്ടില്ലേ?എനിക്ക് ആലോചിക്കാൻ പോലും സമയം തരാതെ നീയിങ്ങനെ തുടർന്നാൽ, എനിക്ക് ബലം പ്രയോഗിക്കേണ്ടി വരും, അല്ലെങ്കിൽ ആൾക്കാരെ വിളിച്ചു കൂട്ടേണ്ടി വരും. എന്നിട്ടും നിവർത്തിയില്ലായെങ്കിൽ പോലീസിനെ വിളിച്ചു വരുത്തും."

"നിനക്ക് ഇഷ്ടമുള്ളത് ചെയ്തോ? ഒച്ചപ്പാടുണ്ടായാൽ ചുറ്റുപാടുള്ളവർ വന്നുകൂടും. എനിക്കൊന്നും നഷ്ടപ്പെടാനില്ല, പക്ഷെ നീ നാറും. അതു വേണോ വേണ്ടയോയെന്ന് നീ തീരുമാനിക്ക്. നമ്മളുടെ ഡീൽ ഇപ്പോൾ ഇവിടെ വെച്ച് തീരുമാനിക്കണം. തീരുമാനിച്ചേ പറ്റൂ. ഇനി അതിന് ഒട്ടും സമയം പാഴാക്കാനില്ല. വെറുതെയല്ലല്ലോ, പണം തന്നിട്ടല്ലേ? നീയത് സമ്മതിച്ചതുമല്ലേ? പിന്നെയെന്താ ഇപ്പോളൊരു മടി. എനിക്ക്, എൻ്റെ ഡീലിന് നീ തന്നെ വേണം. നിന്നെ മാത്രമേ എനിക്ക് വ്യക്തമായി അറിയുകയുള്ളൂ. കോളെജ് പഠന കാലത്ത് നിന്നെ ഞാൻ മനസ്സിലാക്കിയതാണ്. എന്തോ അന്ന് നീയായിട്ട് അടുക്കാൻ കഴിഞ്ഞില്ല. ഇപ്പോളതിന് കഴിഞ്ഞു. ഇനി നീ എന്നെ കുറച്ചു കാലത്തെക്കെങ്കിലും സ്വീകരിച്ചേ പറ്റൂ. അതെൻ്റെ ആവശ്യമാണ്. എൻ്റെ നിലനിൽപ്പിൻ്റെ ആവശ്യം. ഞാൻ ഇവിടം വിട്ട് തൽക്കാലം പോകില്ല. പോലീസല്ലാ പട്ടാളം വന്നാലും എനിക്കൊന്നുമില്ല. എനിക്ക് നിന്നെ വേണം. അതിൻ്റെ വിലയായി ആവശ്യമുള്ള പണം നീ എടുത്തോ, ചെക്ക് ലീഫല്ലാ ചെക്ക് ബുക്ക് തന്നെ ഒപ്പിട്ട് തരാം."

ഞാൻ ആകെ കുഴഞ്ഞമട്ടിലായി. ആകാശം ഇടിഞ്ഞു വീഴുന്നതു പോലെ തോന്നി. തലയിൽ ഇടിത്തീ വീണ പോലെ ഞാൻ കറങ്ങി. കാതിൽ കൊടുങ്കാറ്റ് വീശി. മനസ്സിൽ കടൽ ഇരമ്പിക്കയറുന്നു. ഞാൻ തളരുന്നതായി തോന്നി.  അടുത്തു കണ്ട കസേരയിൽ പോയിരുന്നു. നേരം വെളുത്തു വരുന്നതേയുള്ളൂ. എന്താ വേണ്ടതെന്ന് ഒരുവട്ടം ആലോചിച്ചു. അവൾ പോകുന്ന മട്ടില്ല. രണ്ടും കൽപ്പിച്ച് ഇവളെ പുറത്തേക്ക് വലിച്ചെറിയാനും നിവർത്തിയില്ല. ഒച്ചപ്പാടുണ്ടായാൽ പ്രശ്നം ഗുരുതരമാകും. എങ്ങോട്ടെങ്കിലും പോയാലോയെന്ന് ആലോചിച്ചു. അതു കൊണ്ട് പ്രശ്നം തീരുന്നില്ലല്ലോയെന്ന് ഓർത്തപ്പോൾ, മരിച്ചാൽ മതിയെന്ന് തോന്നിപ്പോയി. നാലുപാടുമുള്ളവർ ഓടിക്കൂടുന്നതിനു മുമ്പായി പ്രശ്നം പരിഹരിക്കണം. അവളുടെ സഹോദരൻ ബെന്നിയെ വിളിച്ചാലോയെന്ന് ഒരുവട്ടം ചിന്തിച്ചു. ഒരു രാത്രി മുഴുവൻ ഈ മുറിക്കകത്ത് കിടത്തിയിട്ട്, ആവശ്യം കഴിഞ്ഞപ്പോൾ തൊണ്ടി വലിച്ചെറിയുന്നതായേ അയാൾക്കെന്നല്ലാ, ആർക്കും തോന്നുകയുള്ളൂ. കൂട്ടുകാരെ വിളിക്കാൻ തീരുമാനിച്ചു. ഉടൻ വിളിച്ചു. വേഗം വരണമെന്ന് പറഞ്ഞു. കൂട്ടുകാരെത്തിയപ്പോളെക്കും അവൾ ശാന്തമായി കഴിഞ്ഞിരുന്നു. അവൾ തുടർന്നു

"ഞാൻ എന്താ ചെയ്യേണ്ടതെന്ന് നിങ്ങൾ പറയണം. ഞങ്ങൾ വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചതാണ്. സത്യമാണോയല്ലേയെന്ന് ജോർജ് പറയട്ടെ. ഇപ്പോളെനിക്ക് പോകാനൊരിടമില്ല. അതു കൊണ്ടു മാത്രമാണ് ഞാനിവിടെ തങ്ങിയത്, എന്താ കുഴപ്പമുണ്ടോ? എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ നിങ്ങൾ തന്നെ പറയണം."

"ഇതേപോലെയാണോ വിവാഹം നടത്തണത്, എല്ലാത്തിനും അതിൻ്റേതായ രീതിയില്ലേ? നിങ്ങൾ തന്നെ ആലോചിക്കു നോക്കൂ. എന്താണെന്ന് വെച്ചാൽ നമുക്ക് ചെയ്യാം, തൽക്കാലം നിങ്ങൾ പോകൂ, " കൂട്ടുകാരിൽ ശശി പറഞ്ഞു.

"വിവാഹം നടത്തണമെന്ന് ആര് പറഞ്ഞു. ഒന്നിച്ച് ജീവിച്ചാൽ പേരെ, അതാണല്ലോ ഇപ്പോളത്തെ ട്രെൻ്റ്. ഞാൻ എൻ്റെ ആഗ്രഹം ജോർജിനോട് പറഞ്ഞു, ജോർജ്‌ സമ്മതം മൂളിയതുമാണ്. പിന്നെയെന്തിനാണ് ജോർജ് കിടന്ന് വിഷമിക്കുന്നത്. ഒരു രാത്രി മുഴുവൻ ഞാനിവിടെ കിടന്നിട്ട്, അയാൾക്കൊരു പ്രശ്നവും ഉണ്ടായിരുന്നില്ലല്ലോ? അപ്പോൾ ഉണ്ടാകാത്ത പ്രശ്നം ഇപ്പോളെങ്ങനെയുണ്ടായി. രാത്രി തന്നെ, എന്നെ പുറത്താക്കാമായിരുന്നില്ലേ? അതെന്താ നിങ്ങൾ ആലോചിക്കാത്തെ,"

അവൾ പറഞ്ഞു. കൂട്ടുകാർ നിശ്ബ്ദരായി നിന്നു. അവർക്ക് എന്താ പറയേണ്ടതെന്ന് ഒരു പിടിയുമില്ല. അവർ പരസ്പരം പറഞ്ഞു

"അവന് രാത്രി തന്നെ ആൾക്കാരെ വിളിച്ചു കൂട്ടി, അവളെ പുറത്താക്കാമായിരുന്നല്ലോ? അല്ലെങ്കിൽ അപ്പോൾ, നമ്മളെ വിളിക്കാമായിരുന്നില്ലേ? ഇവൻ എന്തോ മറച്ചുവെക്കുന്നുണ്ട്. നമ്മൾ അറിയാത്ത എന്തോ കളിയുണ്ട്, ഇത് തീക്കളിയാണ്. സൂക്ഷിച്ച് ഇടപെട്ടില്ലായെങ്കിൽ നമ്മളും തൂങ്ങാൻ ഇടയുണ്ട്. ഒരു സ്ത്രീ ഇത്രക്ക് ശക്തമായി പറയണമെങ്കിൽ, ഒന്നും ഉണ്ടാകാതിരിക്കില്ല. ധനികയായ ഒരു സ്ത്രീക്ക് ഇവൻ്റെ മുന്നിൽ കെഞ്ചേണ്ട ആവശ്യമെന്ത്, തീ ഇല്ലാതെ പുകയുണ്ടാകുമോ?"

കൂട്ടുകാരിൽ മഹേഷ് പറഞ്ഞു "ജോർജേ .. എന്തായെന്ന് വെച്ചാൽ തെളിച്ചു പറ, ഞങ്ങൾക്കൊന്നും മനസ്സിലാകുന്നില്ല. ഇതേ പോലത്തെ കൂത്ത് ഞാൻ ഒരിടത്തും കണ്ടിട്ടില്ല. നീ എന്തിനാണ് ഒരു രാത്രി മുഴുവൻ, ഇവളെയിവിടെ കിടക്കാൻ സമ്മതിച്ചത്, നിനക്ക് അപ്പോൾ തന്നെയിറക്കി വിടാമായിരുന്നില്ലേ?"

"അവൾ അടിച്ച് പൂസ്സായിരുന്നു മഹേഷേ... പിന്നെയെങ്ങനെ പുറത്താക്കും. അവൾ നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. കാല് നിലത്ത് ഉറച്ചിട്ടു വേണ്ടെ പിടിച്ച് പുറത്താക്കാൻ. ഞാൻ പറയുന്നത് നിങ്ങളെങ്കിലും മനസ്സിലാക്ക്. ഞാനൊരു മനുഷ്യത്യം കാണിച്ചു, അതാണോയിപ്പോൾ തെറ്റായിപോയത്."

"കുടിച്ച് പൂസ്സായി, കാല് നിലത്ത് ഉറക്കാത്തവൾ, എങ്ങനെയാണ് കാർ ഓടിച്ച് നിൻ്റെയടുത്ത് എത്തിയത്. നീ പറയുന്നത് ആരും വിശ്വസിക്കില്ല. നീ എന്തെക്കൊയോ മറച്ചുവെക്കുന്നു. ഞങ്ങൾ ഇടപെടണമെങ്കിൽ കാര്യം എന്താണന്ന് വെച്ചാൽ തെളിച്ചു പറ."

അപ്പോളെക്കും ഫ്ലാറ്റിൽ, ചുറ്റുപാടും താമസിക്കുന്നവരെല്ലാം എത്തിച്ചേർന്നു. അവർ മൂക്കത്ത് വിരൽ വെച്ചു. മാന്യനാണന്ന് കരുതിയ ആൾ ഇത്രക്ക് തെണ്ടിയാണന്ന് അറിഞ്ഞപ്പോൾ അവക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

"അതുശരി അപ്പോൾ ഇവിടെ പെണ്ണുങ്ങളെ കൊണ്ടുവന്ന് പാർപ്പിക്കാറുണ്ടല്ലേ? ജോർജ് ആളു കൊള്ളാമല്ലോ?"

അവരിൽ ഒരാൾ പറഞ്ഞു. കൂടിയവരിൽ മറ്റൊരുവൻ പറഞ്ഞു

"ഈ സ്ത്രീ രാത്രി മുറിയിലേക്ക് വരുന്നത് ഞാൻ കണ്ടതാണ്. ഏതെങ്കിലും സ്വന്തക്കാരാണന്നാ ഞാൻ കരുതിയത്. അവർ രാത്രി തന്നെ പോയിക്കാണുമെന്നും കരുതി. ഇയാൾ ഇത്തരക്കാരനാണന്ന് ഞാനൊരിക്കലും കരുതിയില്ല. "

"താഴെക്കിടക്കുന്ന ഇന്നോവാകാർ ഇവരുടെതാണ്. ഇവരേതോ സമ്പന്ന കുടുംബത്തിലെയാണന്നാണ് തോന്നുന്നത്. പൊളപ്പ് തീർക്കാൻ വന്നതാകാനാണ് സാദ്ധ്യത. അതിന് പാവം ജോർജിനെ ഉപയോഗിച്ചെന്നു മാത്രം." വന്നു കൂടിവരിൽ ഒരുത്തി പറഞ്ഞു.

"അതിന് ഇയാളുടെ അടുത്തേക്ക് മാത്രം വരണതെന്തിനാണ്. നാട്ടിൽ വേറെ ആൺ പിള്ളേരില്ലേ? ഇത് തീച്ചയായും ഇയാൾ പറഞ്ഞൊപ്പിച്ച് വന്നതാണ്." മറ്റൊരുത്തി പറഞ്ഞു.

"സാധാരണയായി പെണ്ണുങ്ങൾക്ക് പണം കൊടുത്താണ് കാര്യം സാധിക്കുന്നത്. ഇത് നേരെ മറിച്ചാണന്ന് തോന്നുന്നു. രണ്ടു പേരും ഉറങ്ങിപ്പോയി കാണും, അല്ലെങ്കിൽ വെളുപ്പിനു തന്നെ സ്ഥലം കാലിയാക്കിയേനെ?" നാട്ടുകാരിൽ ഒരുത്തൻ പറഞ്ഞു

"ഇത് ഇവിടത്തെ സ്ഥിരം പതിവാ. ഏതായാലും മാന്യനാണന്ന് കരുതിയ ജോർജ് കൊള്ളാം. പെണ്ണുങ്ങൾക്ക് കഴപ്പ് മൂത്താൽ മുരിക്കിൽ കേറ്റണമെന്നാണ് ചൊല്ല്, അതാണ് വേണ്ടത്."

ഒട്ടും താമസിയാതെ പോലീസും എത്തി. ഇതിനിടയിൽ ആരോ പോലിസിനെ വിളിച്ചതാണ്. പ്രശ്നം ആകെ ഗുരുതരമായി. എവിടെച്ചെന്നാലും ഒരു മലയാളിയുണ്ടാകുമെന്നുള്ള വിശ്വാസം സത്യമാണന്ന് ഇവിടെയും തെളിഞ്ഞു. പോലീസുകാരിൽ ഒരാൾ കാസർഗോഡ് കാരൻ മലയാളിയുണ്ടായിരുന്നു. അതാണ് ജോർജിന് മനസ്സിനൊരാശ്വാസം തോന്നിയത്. ഞാനെൻ്റെ സത്യാവസ്ഥയെല്ലാം അയാളോട് തുറന്നു പറഞ്ഞു. പക്ഷെ ആരുമത് വിശ്വസിച്ചില്ല. അവർ ഞങ്ങളെ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടു പോയി. അവിടെയെത്തുന്നതുവരെ ശാന്തനായിരുന്ന എസ്.ഐ, സ്റ്റേഷനിൽ എത്തിയതോടെ അയാളുടെ നിറം മാറി. അയാൾ എൻ്റെ ഷർട്ടിന് കുത്തിപ്പിച്ച്, മൂലയിലേക്ക് തള്ളിയിട്ടു.

"വ്യഭിചാരം ചെയ്യുന്നോടാ പട്ടീ ..  ഒരു രാത്രി മുഴുവൻ പെണ്ണിനെ പറഞ്ഞ് പ്രലോഭിപ്പിച്ചിട്ട്, ഇപ്പോ, കൈ കഴുകുന്നോടാ നായേ.."

അയാൾ അലറി. അയാൾക്ക് അറിയാവുന്ന മലയാളം വെച്ച് ഇത്രയും കാച്ചി. ഞാൻ നിശബ്ദനായി മൂലയിൽ കുത്തിയിരുന്നു. എന്താ വേണ്ടെയെന്ന് ഒരു പിടിയും കിട്ടിയില്ല. കൂട്ടുകാർ ദയയോടെ എന്നെ നോക്കി നിന്നുയെന്നല്ലാതെ ഒന്നും മിണ്ടിയില്ല. അവരുടെ നാവ് ഇറങ്ങിപ്പോയ പോലെ തോന്നി.

--------തുടരും--------