സിഡിസി ഡയറക്ടര്‍ ഡോ. റോഷ്‌ലി വലന്‍സ്‌കിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

By: 600084 On: Oct 23, 2022, 5:35 PM

പി പി ചെറിയാൻ, ഡാളസ്.

വാഷിംഗ്ടന്‍: യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഡയറക്ടര്‍ ഡോ. റോഷ്‌ലി വലന്‍സ്‌കിക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഏജൻസി. ഒക്ടോബർ 19നാണ് കോവിഡ് ബാധിച്ചത് എന്നും ഏജൻസി വെളിപ്പെടുത്തി. ഈ സെപ്റ്റംബർ മാസം  കോവിഡ് ബൂസ്റ്റര്‍ ഡോസ് ഇവർ സ്വീകരിച്ചിരുന്നു.  ഐസൊലേഷനില്‍ വീട്ടിൽ കഴിയുന്ന ഇവര്‍ നേരത്തെ തയാറാക്കിയ എല്ലാ പരിപാടികളിലും സംസാരിക്കുമെന്ന് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ രണ്ടു വിന്റർ സീസണുകളിലും കോവിഡ് വ്യാപനം രൂക്ഷമായതുപോലെ ഈ  വിന്ററിലും ഇതിന്റെ ശക്തി പുതിയ വൈറസ് വകഭേദമായി വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നു സിഡിസി മുന്നറിയിപ്പു നല്‍കുന്നു. ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ കൂടുതല്‍ സുരക്ഷിതരാണെന്നും ഇവരില്‍ കോവിഡ് ലക്ഷണങ്ങള്‍ കാര്യമായി പ്രകടമാകില്ലെന്നും ഇവർ അറിയിച്ചു.

ബൂസ്റ്റർ ഡോസ് സ്വീകരിച്ച പ്രസിഡന്റ് ബൈഡൻ, മെഡിക്കല്‍ അഡ്‌വൈസര്‍ ഡോ. ആന്റണി ഫ്യൂചി, യുഎസ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസ് സെക്രട്ടറി സേവിയര്‍ ബെകാര്‍ക, ജില്‍ ബൈഡന്‍ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും അതിൽ നിന്നും പൂർണ്ണമായി സുഖ൦ പ്രാപിച്ചിരുന്നു.  അവസാന ഡോസ് സ്വീകരിച്ച് രണ്ടു മാസത്തിനുശേഷം ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കാവുന്നതാണ്.