ഫിയോണ ചുഴലിക്കാറ്റ്: അറ്റ്‌ലാന്റിക് കാനഡയില്‍ കനത്ത മഴയും ശക്തമായ കാറ്റുമുണ്ടാകുമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ

By: 600002 On: Sep 23, 2022, 3:29 PMഫിയോണ ചുഴലിക്കാറ്റ് ഈ വാരാന്ത്യത്തില്‍ ഉഷ്ണമേഖലാ കൊടുങ്കാറ്റായി അറ്റ്‌ലാന്റിക് കാനഡയിലൂടെയും ക്യുബെക്കിലൂടെയും നീങ്ങാനുള്ള പാതയിലാണ്. അതിതീവ്ര ന്യൂനമര്‍ദ്ദം മൂലം അറ്റ്‌ലാന്റിക് കാനഡയില്‍ കനത്ത മഴയും കൊടുങ്കാറ്റുമുണ്ടായേക്കാമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു. പ്രദേശങ്ങളില്‍ നാശനഷ്ടങ്ങളുണ്ടാകാനും വൈദ്യുതി തടസ്സപ്പെടാനും കാരണമായേക്കാമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

വടക്കോട്ടേക്ക് നീങ്ങുമ്പോള്‍ ഫിയോണ വെള്ളിയാഴ്ച രാത്രിയോടെ നോവ സ്‌കോഷ്യയില്‍ എത്തുമെന്നാണ് പ്രവചനം. ശനിയാഴ്ച കിഴക്കന്‍ മെയിന്‍ലാന്‍ഡ്, കേപ് ബ്രെട്ടണ്‍, പ്രിന്‍സ് എഡ്വേര്‍ഡ് ദ്വീപ് എന്നിവയിലൂടെ കടന്നുപോകുകയും ക്യുബെക്കിന്റെ ലോവര്‍ നോര്‍ത്ത് ഷോര്‍, തെക്കുകിഴക്കന്‍ ലാബ്രഡോര്‍ എന്നിവടങ്ങളില്‍ ഞായറാഴ്ച എത്തുകയും ചെയ്യും. 

കിഴക്കന്‍ നോവ സ്‌കോഷ്യ, തെക്കുപടിഞ്ഞാറന്‍ ന്യൂഫൗണ്ട്‌ലന്‍ഡ്, സെന്റ് ലോറന്‍സ് ഉള്‍ക്കടല്‍ മേഖലകളില്‍ കൊടുങ്കാറ്റിന്റെ പാതയില്‍ 100 മുതല്‍ 200 മില്ലിമീറ്റര്‍ വരെ വ്യാപകമായ മഴയ്‌ക്കൊപ്പം വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായി എണ്‍വയോണ്‍മെന്റ് കാനഡ പ്രവചിക്കുന്നു. ഈ മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ യാര്‍മൗത്ത്, എന്‍.എസ് ബാര്‍ ഹാര്‍ബര്‍, മെയ്ന്‍ എന്നിവയ്ക്കിടയിലുള്ള അതിവേഗ ഫെറി സര്‍വീസ് റദ്ദാക്കുന്നതായി ബേ ഫെറീസ് അറിയിച്ചു.