വടക്കേ അമേരിക്കയില്‍ കുട്ടികളുടെ സ്‌കൂള്‍ യൂണിഫോമുകളിലും മറ്റ് വസ്ത്രഉല്‍പ്പന്നങ്ങളിലും കറ അകറ്റാന്‍ വേണ്ടി ഉയര്‍ന്ന അളവില്‍ വിഷ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതായി പഠന റിപ്പോര്‍ട്ട്. കുട്ടികളുടെ ആരോഗ്യത്തിന്റെ പേരില്‍ അസാധാരണമായൊരു കച്ചവടമാണ് ഇതിന് പിന്നില്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. വടക്കേ അമേരിക്കയിലുടനീളമുള്ള ഒരുകൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് എണ്‍വയോണ്‍മെന്റല്‍ ആന്‍ഡ് സയന്‍സ് ടെക്‌നോളജി ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യുഎസിലും കാനഡയിലും വില്‍ക്കുന്ന തൊപ്പികള്‍, സ്‌കൂള്‍ യൂണിഫോമുകള്‍, സ്‌നോ സ്യൂട്ടുകള്‍, മിറ്റന്‍സ്, ബിബ്‌സ് തുടങ്ങി നിരവധി വസ്ത്ര ഉള്‍പ്പന്നങ്ങളില്‍ 'ഫോര്‍എവര്‍ കെമിക്കല്‍സ്' എന്ന് വിളിക്കപ്പെടുന്ന പോളിഫ്‌ളൂറോ ആല്‍ക്കൈല്‍ വസ്തുക്കള്‍(PFAS) ഉയര്‍ന്ന അളവിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ രാസവസ്തുക്കള്‍ വര്‍ഷങ്ങളോളം വിഘടിക്കുകയും പരിസ്ഥിതി, ജല, മണ്ണ് മലിനീകരണം ഉണ്ടാക്കുകയും ചെയ്യുന്നു. മാത്രമല്ല. ശരീരത്തിനുള്ളിലെത്തിയാല്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.
പരിശോധനയ്ക്ക് വിധേയമാക്കിയ 72 വ്യത്യസ്ത ഉല്‍പ്പന്നങ്ങളില്‍ 65 ശതമാനത്തിലും രാസവസ്തു അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. നൂറ് ശതമാനം കോട്ടണ്‍, സിന്തറ്റിക് മിശ്രിതങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച സ്‌കൂള്‍ യൂണിഫോമുകളിലാണ് ഇത് കൂടുതലായും കണ്ടെത്തിയിട്ടുള്ളതെന്നത് ഗുരുതരമായ കാര്യമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. PFAS ഉല്‍പ്പാദനത്തില്‍ ഉപയോഗിക്കുന്ന ഫ്‌ളൂറോടെലോമര്‍ ആല്‍ക്കഹോള്‍ (FTOHs) കുട്ടികളുടെ വസ്ത്രങ്ങളിലാണ് സാധാരണയായി കാണപ്പെടുന്നത്. പരവതാനികള്‍, ആന്റി ഫോഗിംഗ് സ്‌പ്രേകള്‍, തുണികള്‍ എന്നിവയില്‍ FTOHs ഉണ്ടെന്ന് മുന്‍ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.
പഠനത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റെയിന്‍ റെസിസ്റ്റന്റ്, സ്റ്റെയിന്‍ റിലീസ്, വാട്ടര്‍ റിപ്പല്ലന്റ് എന്നിങ്ങനെ ലേബല്‍ ചെയ്തിട്ടുള്ള പുതിയ സ്‌കൂള്‍ യൂണിഫോമുകള്‍ വാങ്ങുന്നത് ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് ജനങ്ങള്‍ക്ക് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ സ്‌കൂള്‍ യൂണിഫോമുകള്‍ സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് ബോര്‍ഡുകള്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു.