ബീസി വിമന്‍സ് ഹോസ്പിറ്റല്‍ നഴ്‌സറിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച ആയുധധാരിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു 

By: 600002 On: Sep 23, 2022, 7:24 AM


വ്യാഴാഴ്ച രാവിലെ ബീസി വിമന്‍സ് ഹോസ്പിറ്റലിലെ നഴ്‌സറിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലെത്തിയ രോഗിയാണ് ഈ സ്ത്രീയെന്ന് വാന്‍കുവര്‍ പോലീസ് പറഞ്ഞു. ഇവരുടെ കയ്യില്‍ കത്തിയുണ്ടായിരുന്നു. ഇത് വെച്ചാണ് നഴ്‌സറിയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. 

ആയുധധാരിയായ സ്ത്രീ ഹോസ്പിറ്റലില്‍ എത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആശുപത്രി ജീവനക്കാര്‍ 911 ല്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തികയായിരുന്നു. എന്നാല്‍ സ്ത്രീ കുട്ടികളുടെയും ജീവനക്കാരുടെയും ഒരു ഗര്‍ഭിണിയുടെയും സമീപത്തായാണ് നിന്നിരുന്നത്. അതിനാല്‍ ഇവരെ കീഴടക്കുക എളുപ്പമായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. കത്തിയുമായി നഴ്‌സറിയിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച സ്ത്രീ ഒരു ജീവനക്കാരന് നേരെ കത്തി വീശുകയും ചെയ്തു. ഇതിനിടയില്‍ കൂടുതല്‍ സ്റ്റാഫുകള്‍ എത്തി സ്ത്രീയ്‌ക്കെതിരെ ഉപരോധം തീര്‍ത്തു. 

ഉദ്യോഗസ്ഥര്‍ക്ക് ബലംപ്രയോഗിച്ച് സ്ത്രീയെ കസ്റ്റഡയിലെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്നാണ് സ്ത്രീയ്ക്ക് നേരെ ബീന്‍ബാഗ് തോക്കുപയോഗിച്ച് ഒരു റൗണ്ട് വെടിവെച്ചത്. ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതിക്രമിച്ച് കയറല്‍, ആക്രമണം, ആയുധം കൈവശം വെക്കല്‍, പ്രൊബേഷന്‍ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ പ്രതിക്കെതിരെ ചുമത്തിയതായി പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.