'ആല്‍ബെര്‍ട്ട ഈസ് കോളിംഗ്': ജിടിഎയിലെ വീടുകളുടെ വില, ജീവിതച്ചെലവ് എന്നിവയെ വിമര്‍ശിച്ച് ജേസണ്‍ കെന്നി

By: 600002 On: Sep 22, 2022, 12:35 PM

'ആല്‍ബെര്‍ട്ട ഈസ് കോളിംഗ്' എന്ന ക്യാമ്പയിന്റെ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് പ്രീമിയര്‍ ജേസണ്‍ കെന്നി. ആല്‍ബെര്‍ട്ടയിലേക്ക് മറ്റ് പ്രവിശ്യകളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള നൈപുണ്യമുള്ള തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി തുടങ്ങിയ ക്യാമ്പയിനാണ് ആല്‍ബെര്‍ട്ട ഈസ് കോളിംഗ്. 

പ്രചാരണത്തില്‍ ജേസണ്‍ കെന്നി വീടുകളുടെ വില, ജീവിതച്ചെലവ് എന്നിവ സംബന്ധിച്ച് മറ്റ് പ്രവിശ്യകളുമായി താരതമ്യവും നടത്തി. ജിടിഎയില്‍ വീടുകളുടെ വില വര്‍ധനവിനെ കെന്നി കുറ്റപ്പെടുത്തി. കാനഡയിലുള്ള നാലില്‍ ഒരാള്‍ വീട് എന്ന സ്വപ്‌നം ഉപേക്ഷിച്ചതായി അടുത്തിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയെന്ന് കെന്നി പരാമര്‍ശിച്ചു. ഒന്റാരിയോയിലുള്ളവര്‍ക്ക് വീട്ടുടമകളാകുകയെന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. 

ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ ഒരു ഡിറ്റാച്ച്ഡ് വീടിന്റെ ശരാശരി വില 1.2 മില്യണ്‍ ഡോളറാണ്. ഇത് കാല്‍ഗറിയില്‍ 425,000 ഡോളറും എഡ്മന്റണില്‍ 360,000 ഡോളറുമാണെന്ന് കെന്നി പറഞ്ഞു. വീടെന്ന സ്വപ്‌നം ആല്‍ബെര്‍ട്ടയിലെത്തുമ്പോള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കെന്നി അഭിപ്രായപ്പെട്ടു.