ഒന്റാരിയോയില്‍ സ്‌കൂള്‍ബസ് ഡ്രൈവര്‍മാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു

By: 600002 On: Sep 22, 2022, 11:20 AM


ഒന്റാരിയോയില്‍ സ്‌കൂള്‍ബസ് ഡ്രൈവര്‍മാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. അധ്യയന വര്‍ഷം ആരംഭിച്ചതിനാല്‍ വിദ്യാര്‍ത്ഥികളെ ഇത് സാരമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്. സ്‌കൂളുകളില്‍ എത്താനുള്ള കാലതാമസവും ക്ലാസുകള്‍ റദ്ദാക്കലുകളും പാന്‍ഡെമിക്കിന്റെ സമയത്തേതിനേക്കാള്‍ കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുകയാണെന്നും ചിലയിടങ്ങളില്‍ ഫാള്‍ സെമസ്റ്റര്‍ വരെ ഇത് തുടര്‍ന്നേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

നിലവില്‍ ഓട്ടവയില്‍ ഡ്രൈവര്‍ ക്ഷാമം 2,500 ഓളം വിദ്യാര്‍ത്ഥികളെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രൈവര്‍മാരുടെ കുറവ് പരിഹരിക്കാന്‍ മാസങ്ങളെടുക്കുമെന്ന് ഓട്ടവ സ്റ്റുഡന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റി അറിയിച്ചു. ഡ്രൈവര്‍മാരില്‍ വലിയൊരു ശതമാനം പേരും വിരമിച്ചു. ഇവര്‍ക്ക് കോവിഡ് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളും സമ്പര്‍ക്കം ഉണ്ടാകേണ്ടി വരുന്നതിനാല്‍ ജോലി ഇനി തുടരേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്യുന്നു. 

കാത്തലിക്, പബ്ലിക് സ്‌കൂള്‍ ബോര്‍ഡുകള്‍ക്ക് ഗതാഗത സേവനങ്ങള്‍ നല്‍കുന്ന ടൊറന്റോ സ്റ്റുഡന്റ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഗ്രൂപ്പ്, 1,800 റൂട്ടുകളില്‍ 50 ലും ഡ്രൈവര്‍മാരില്ല, ഇത് 45,000 വിദ്യാര്‍ത്ഥികളില്‍ 1,500 ഓളം പേരെ നേരിട്ട് ബാധിക്കുന്നു.

അതേസമയം, ടാക്‌സി സേവനങ്ങള്‍ പ്രതിദിനാടിസ്ഥാനത്തില്‍ ബദല്‍ ഗതാഗത മാര്‍ഗ്ഗമായി ഉപയോഗിക്കുന്നുണ്ട്. എങ്കിലും ടാക്‌സികളുടെ എണ്ണവും വിദ്യാര്‍ത്ഥികളുടെ എണ്ണവും ദിവസവും വ്യത്യാസപ്പെട്ടേക്കാമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ഒന്റാരിയോയിലുടനീളം ഈ പ്രശ്‌നം ഉടലെടുത്തിട്ടുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഗ്രാന്റില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഈ വര്‍ഷം 1.1 ബില്യണ്‍ ഡോളറായിരിക്കും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഗ്രാന്റെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഡ്രൈവര്‍മാരുടെ ക്ഷാമത്തിന് സര്‍ക്കാര്‍ പരിഹാരങ്ങള്‍ കാണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.