ഡി ഹാവില്‍ലാന്‍ഡ് ഇനി കാല്‍ഗറിയില്‍ വിമാനങ്ങള്‍ നിര്‍മിക്കും; പുതിയ പ്ലാന്റ് നിര്‍മാണം അടുത്ത വര്‍ഷം 

By: 600002 On: Sep 22, 2022, 10:47 AM


വിമാന നിര്‍മാണ കമ്പനിയായ ഡി ഹാവില്‍ലാന്‍ഡ് കാല്‍ഗറിയില്‍ പുതിയ മാനുഫാക്ച്വറിംഗ് പ്ലാന്റ് ആരംഭിക്കുന്നു. വാന്‍കുവറില്‍ നിന്നും ടൊറന്റോയില്‍ നിന്നുമുള്ള വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി പ്രവിശ്യയുടെ 'ആല്‍ബെര്‍ട്ട ഈസ് കോളിംഗ്'  എന്ന ക്യാമ്പയിനിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിനിടെയാണ് പ്രീമിയര്‍ ജേസണ്‍ കെന്നി പദ്ധതിയെക്കുറിച്ച് സൂചന നല്‍കിയത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കമ്പനിയും ഔദ്യോഗിക പ്രഖ്യാപനം നടത്തി. 

വീറ്റ്‌ലാന്‍ഡ് കൗണ്ടിയില്‍ 1,500 ഏക്കര്‍ സ്ഥലത്താണ് ഡി ഹാവില്‍ലാന്‍ഡ് ഫീല്‍ഡ് എയര്‍പ്ലെയ്ന്‍ മാനുഫാക്ച്വറിംഗ് കോംപ്ലക്‌സ് നിര്‍മിക്കുന്നത്. നിര്‍മാണ സമയത്ത് നൂറുകണക്കിന് പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനു പുറമെ കോംപ്ലക്‌സ് പൂര്‍ത്തിയാകുമ്പോള്‍ ഉയര്‍ന്ന വേതനത്തോടുകൂടി 1,500 ഓളം പേര്‍ക്ക് തൊഴിലവസരങ്ങള്‍ കൊണ്ടുവരുമെന്ന് കമ്പനി അറിയിച്ചു. അഗ്നിശമന വിമാനം നിര്‍മിക്കാനുള്ള പദ്ധതിയും കമ്പനി ആസൂത്രണം ചെയ്തിട്ടുണ്ട്. 

കോംപ്ലക്‌സ് നിര്‍മാണം അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കും. 10 വര്‍ഷം മുതല്‍ 15 വര്‍ഷം വരെ കാലയളവിനുള്ളിലായിരിക്കും നിര്‍മാണം പൂര്‍ത്തിയാക്കാം എന്നാണ് കമ്പനിയുടെ പ്രതീക്ഷ. 2025 ഓടെ  കോംപ്ലക്‌സിന്റെ ആദ്യ കെട്ടിടങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് കമ്പനി നല്‍കുന്ന സൂചന. കൂടാതെ കമ്പനിയുടെ ആസ്ഥാനം ടൊറന്റോയില്‍ നിന്നും കാല്‍ഗറിയിലേക്ക് മാറ്റാനും പദ്ധതിയിട്ടിട്ടുണ്ട്.