തുമ്പയുടെ ഔഷദ ഗുണങ്ങൾ

By: 600023 On: Sep 21, 2022, 3:40 PM

ഓണക്കാലം എന്ന് പറയുമ്പോൾ നമ്മൾ മലയാളികളുടെ മനസ്സിൽ ആദ്യം ഓടി എത്തുന്നത് പൂക്കളം ആയിരിക്കും. അതിൽ തുമ്പ പൂവിന് വളരെയേറെ പ്രാധാന്യമുണ്ട്. തുമ്പപ്പൂ ഇല്ലാത്ത പൂക്കളം പാടില്ല എന്നാണ് പഴയകാലത്തെ നിയമം. തുമ്പപ്പൂ കൊണ്ട് ഓണരാത്രിയിൽ അട ഉണ്ടാക്കി അത് ഓണത്തപ്പനു നേദിക്കുന്ന ചടങ്ങ് കേരളത്തിൽ പലയിടത്തും കണ്ടു വരുന്നു. അതിനെ പൂവട എന്ന് വിളിക്കുന്നു.

വിനയത്തിന്റെ പ്രതീകമായാണ് തുമ്പപ്പൂവിനെ കരുതുന്നത്. വർഷകാലത്ത് നമ്മുടെ പറമ്പുകളിലും തരിശു ഭൂമിയിലും സർവ്വ സാധാരണയായി വളരുന്ന തുമ്പയുടെ ശാസ്ത്ര നാമം Leucas aspera എന്നാണ്. അത് Lamiaceae കുടുംബത്തിലെ അംഗമാണ്. തുളസിയെ പോലെ പോലെത്തന്നെ ഔഷധ ഗുണമുള്ള ഒന്നാണ് തുമ്പ.

തുമ്പ, കരിന്തുമ്പ, പെരുന്തുമ്പാ ഇങ്ങനെ മൂന്നു തരത്തിലാണ് ഈ ചെടി കണ്ടു വരുന്നത്. 30-60 cm ഉയരത്തിൽ വളരുന്ന തുമ്പയ്ക്ക് രോമങ്ങൾ കാണപ്പെടുന്നു.  എന്നാൽ ഈ രോമങ്ങൾ ചർമ്മത്തിന് ചൊറിച്ചിൽ ഉണ്ടാക്കുന്നില്ല. ഇലയിൽ ഗ്ലുക്കോസൈഡും പൂവിൽ ഒരു തരം ആൽക്കലോയ്ഡും സുഗന്ധദ്രവ്യവും അടങ്ങിയിരിക്കുന്നു.

കടുലവണ രസവും ഗുരുരൂക്ഷ തീക്ഷ്ണ ഗുണവും ഉഷ്ണവീര്യവും വിപാകത്തിൽ കടുവുമാകുന്നു തുമ്പ. തുമ്പയുടെ ഇല, പൂവ്, തണ്ട്, സമൂലം ഔഷധ ഉപയോഗപ്രദമാണ്.

തുമ്പയുടെ(സമൂലം) നീര് ദിവസവും കുടിച്ചാൽ കഫക്കെട്ട് മാറുന്നതിന് നല്ലതാണ്.

കുട്ടികളിൽ ഉണ്ടാകുന്ന ക്രിമികളിൽ തുമ്പയില ഇടിച്ചു പിഴിഞ്ഞെടുത്ത നീര് തേൻ ചേർത്തു കഴിച്ചാൽ ശമിക്കുന്നതാണ്.

തുമ്പനീരും ചുണ്ണാമ്പും ചേർത്ത് ത്വക്ക് രോഗങ്ങളിൽ പുരട്ടുന്നത് നല്ലതാണ്.

തുമ്പ ഇടിച്ചു പിഴിഞ്ഞെടുത്ത നീര് കഴിക്കുന്നത് ഗർഭാശയ ശുദ്ധിക്കും ഗ്യാസ് ട്രബിളിനും നല്ലതാണ്.

വൃണണങ്ങൾ പെട്ടന്ന് ഉണങ്ങാൻ തുമ്പയുടെ(സമൂലം) നീര് നല്ലതാണ്.

തുമ്പയിട്ട് വെന്ത വെള്ളത്തിൽ പ്രസവാനന്തരം നാലഞ്ചു ദിവസം കുളിയ്ക്കുന്നത് രോഗാണുബാധ ഉണ്ടാകാതിരിക്കുവാൻ നല്ലതാണ്.

തുമ്പയിലെ നീര് രണ്ടു തുള്ളി വീതം നസ്യം ചെയ്താൽ പീനസം(Rhinitis) തന്മൂലം ഉണ്ടാകുന്ന തലവേദനയും ശമിക്കും.

കുട്ടികളിൽ ഉണ്ടാകുന്ന ഛർദിക്ക് തുമ്പച്ചെടി സമൂലം ഓട്ടു പാത്രത്തിലിട്ട് വറുത്ത്, അതിൽ വെള്ളമൊഴിച്ചു തിളപ്പിച്ച് പഞ്ചസാര ചേർത്ത് കൊടുക്കുന്നത് നല്ലതാണ്.

ഒരുപിടി തുമ്പപ്പൂവ് ഒരു ഔൺസ് കരിക്കിൻ വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ പണി ശമിക്കും. തുമ്പയിലെ നീര് കണ്ണിൽ ഒഴിച്ചാൽ കണ്ണിനുണ്ടാകുന്ന രോഗങ്ങൾ ശമിക്കും.

കൊതുകിന്റെ ശല്യത്തിന് പച്ചത്തുമ്പ നെരിപ്പോടിൽ ഇട്ടു പുകച്ചാൽ മതിയാകും.