ഉപഭോക്താവെന്ന വ്യാജേന മര്‍ഖാമിലെ ഡീലര്‍ഷിപ്പുകളില്‍ നിന്ന് മൂന്ന് ഹൈ-എന്‍ഡ് വാഹനങ്ങള്‍ മോഷ്ടിച്ചയാള്‍ പിടിയിലായി

By: 600002 On: Sep 21, 2022, 10:59 AM


വിവിധ മര്‍ഖാം ഡീലര്‍ഷിപ്പുകളില്‍ ഉപഭോക്താവാണെന്ന് തെറ്റിദ്ധരിപ്പിച്ച് മൂന്നോളം ഹൈ-എന്‍ഡ് വാഹനങ്ങള്‍ മോഷ്ടിച്ചയാള്‍ പിടിയിലായി. ജോസഫ് റോളണ്ട് ആര്‍സെന്‍ റസീന്‍(47) എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പത്തോളം കുറ്റങ്ങള്‍ ചുമത്തി. 

ആഗസ്റ്റ് രണ്ടിന് മക്കോവന്‍ റോഡിനും ബുള്ളക്ക് ഡ്രൈവിനും സമീപമുള്ള ഡീലര്‍ഷിപ്പുകളില്‍ നിന്നാണ് ആദ്യം വാഹനം മോഷണം പോയത്. ഡീലര്‍ഷിപ്പിലെ ജീവനക്കാരനൊപ്പം പോര്‍ഷെ പനമാര ടെസ്റ്റ് ചെയ്യാനെത്തിയ ഉപഭോക്താവാണെന്ന് പറഞ്ഞായിരുന്നു പ്രതി വാഹനം മോഷ്ടിച്ചത്. അകത്തേക്ക് ചാടി വാഹനവുമായി കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഓഗസ്റ്റ് 29 ന് സ്റ്റീല്‍സ് അവന്യു ഈസ്റ്റിനും വുഡ്‌ബൈന്‍ അവന്യുവിനും സമീപമുള്ള ഡീലര്‍ഷിപ്പിലാണ് മറ്റൊരു വാഹന മോഷണം റിപ്പോര്‍ട്ട് ചെയ്തത്. ഔഡി ആര്‍എസ് 7 ടെസ്റ്റ് ചെയ്യാനെന്ന വ്യാജേനയാണ് പ്രതി ഇവിടെയെത്തിയത്. 

സെപ്റ്റംബര്‍ 15 ന് കെന്നഡി റോഡിലെ ഡീലര്‍ഷിപ്പില്‍ നിന്നാണ് മൂന്നാമത്തെ വാഹനം മോഷ്ടിച്ചത്. ഇവിടെ നിന്നും മെഴ്‌സിഡസ് എസ്‌യുവിയാണ് മോഷ്ടിച്ചതെന്ന് പോലീസ് അറിയിച്ചു. പോലീസ് അന്വേഷണത്തില്‍ മോഷണം പോയ വാഹനം സമീപത്തെ പാര്‍ക്കിംഗ് സ്ഥലത്ത് കണ്ടെത്തി. തുടര്‍ന്നുള്ള തിരച്ചിലിലാണ് പ്രതി ജോസഫ് റോളണ്ടിനെ പിടികൂടിയത്.