ജലദോഷവും പനിയും സുഖപ്പെടാന്‍ സഹായിക്കുന്ന നൈക്വില്‍(NyQuil) എന്ന മരുന്ന് ഉപയോഗിച്ച് ചിക്കന്‍ പാചകം ചെയ്യുന്ന വീഡിയോയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍(എഫ്ഡിഎ). ടിക്ക്‌ടോക്കിലും മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരിക്കുന്ന ഇത്തരം പാചകരീതികള്‍ ആരും പരീക്ഷിക്കരുതെന്നും ഇത് ആരോഗ്യത്തിന് അപകടമാണെന്നും എഫ്ഡിഎ ഉപദേശിക്കുന്നു.
പലപ്പോഴും യുവാക്കളെ ലക്ഷ്യമിട്ട് നടത്തുന്ന 'ബെനഡ്രിയല്‍ ചലഞ്ച്' എന്ന് പേരിട്ടിരിക്കുന്ന ഇത്തരം പരിപാടികള്‍ ആളുകളെ ദോഷകരമായി ബാധിക്കും. ചിലപ്പോള്‍ മരണത്തിനു വരെ കാരണമായേക്കാമെന്നും എഫ്ഡിഎ പറഞ്ഞു. അസറ്റാമിനോഫെന്‍, ഡെക്ട്രോമെത്തോര്‍ഫാന്‍, ഡോക്‌സിലാമൈന്‍ എന്നിവയടങ്ങിയതാണ് നൈക്വില്‍. ഇതിന്റെ മിശ്രിതത്തില്‍ മുക്കിയാണ് ചിക്കന്‍ പാചകം ചെയ്യുന്നത്. മാംസം തീയില്‍ വേവുമ്പോള്‍ ചിക്കന് മുകളില്‍ മരുന്ന് ഒഴിക്കുകയും ചെയ്യുന്നുണ്ട്. ഇത് അങ്ങേയറ്റം അപകടകരമായ പ്രവണതയാണെന്നും ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രാക്ടീഷണര്‍മാരും ഈ പ്രവണത നിരുത്സാഹപ്പെടുത്തുന്നുണ്ടെന്നും എഫ്ഡിഎ അറിയിച്ചു.