ഫിയോണ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു; അറ്റ്‌ലാന്റിക് കാനഡയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി 

By: 600002 On: Sep 21, 2022, 7:30 AM


കാറ്റഗറി 1 ല്‍ നിന്നും കാറ്റഗറി 3യിലേക്ക് ശക്തിപ്രാപിച്ച ഫിയോണ ചുഴലിക്കാറ്റ് ടര്‍ക്‌സ് ആന്‍ഡ് കെയ്‌കോസ് ദ്വീപുകളിലേക്ക് നീങ്ങുന്നതിനാല്‍ അറ്റ്‌ലാന്റിക് കാനഡയില്‍ ജാഗ്രത പാലിക്കണമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. കിഴക്കന്‍ തീരത്തേക്ക് അടുക്കുന്നതിനാല്‍ അറ്റ്‌ലാന്റിക് കാനഡയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉഷ്ണമേഖലാ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയതായി എണ്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു. 

ബഹാമാസിന്റെ കിഴക്ക് ഭാഗത്തു കൂടി കടന്നു പോകുന്ന ഫിയോണ ചുഴലിക്കാറ്റ് ഈ ആഴ്ച അവസാനം വടക്കോട്ട് സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ശനിയാഴ്ചയോടെ ഉഷ്ണമേഖലാ കൊടുങ്കാറ്റ് രൂപാന്തരപ്പെട്ടേക്കാമെന്നും എന്‍വയോണ്‍മെന്റ് കാനഡ പ്രസ്താവനയില്‍ പറയുന്നു. തെക്കന്‍ ഓഫ്ഷോര്‍ മേഖലകളില്‍ വെള്ളിയാഴ്ചയും അറ്റ്‌ലാന്റിക് കാനഡയിലെ ഭൂപ്രദേശങ്ങളില്‍ ശനിയാഴ്ചയും ഫിയോണ ചുഴലിക്കാറ്റ് അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

കിഴക്കന്‍ തീരത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്ന സമയത്ത് ഫിയോണ ഒരു ചുഴലിക്കാറ്റ് ആയിരിക്കില്ലെന്നും വളരെ ശക്തമായ പോസ്റ്റ്-ട്രോപ്പിക്കല്‍ കൊടുങ്കാറ്റായിരിക്കുമെന്നും കനേഡിയന്‍ ചുഴലിക്കാറ്റ് കേന്ദ്രത്തിലെ കാലാവസ്ഥാ നിരീക്ഷകന്‍ ഇയാന്‍ ഹബ്ബാര്‍ഡ് പറയുന്നു. അറ്റ്‌ലാന്റിക് പ്രദേശത്തുള്ളവര്‍ കൊടുംങ്കാറ്റ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ നേരിടാന്‍ തയ്യാറെടുക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.