ഫിയോണ വടക്കോട്ടേക്ക് നീങ്ങുന്നു; അറ്റ്‌ലാന്റിക് കാനഡയില്‍ അപകടസാധ്യതാ മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ കേന്ദ്രം 

By: 600002 On: Sep 20, 2022, 11:59 AM


ഞായറാഴ്ച പ്യൂര്‍ട്ടോറിക്കയിലും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും മാരകമായി വീശിയടിച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഫിയോണ വടക്ക് ദിശയിലേക്ക് നീങ്ങുന്നതായി നാഷണല്‍ ഹരിക്കെയ്ന്‍ സെന്റര്‍ അറിയിച്ചു. നിലവില്‍ കൊടുങ്കാറ്റ് കാറ്റഗറി 1 ആണ്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ഇത് വടക്കോട്ട് മീങ്ങുമ്പോള്‍ ചൂടേറിയ സമുദ്രജലവും അനുകൂലമായ അന്തരീക്ഷവുമുള്ള പ്രദേശത്തേക്ക് പ്രവേശിക്കും. ഇത് കൊടുങ്കാറ്റ് ശക്തിപ്പെടാന്‍ കാരണമാകുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. 

ബുധനാഴ്ച രാവിലെയോടെ 195 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുന്ന കാറ്റഗറി 3 ല്‍ ഫിയോണ എത്തുമെന്നാണ് പ്രവചനം. വെള്ളിയാഴ്ച രാവിലെയോടെ ഫിയോണ ബര്‍മുഡയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബര്‍മുഡയുടെ വടക്ക് ഭാഗത്തേക്ക് നീങ്ങുന്ന ഫിയോണ അറ്റ്‌ലാന്റിക് കാനഡയോട് അടുക്കുമ്പോള്‍ കാലാവസ്ഥയുമായി കൂട്ടിയിടിക്കും. ഇത് കാറ്റഗറി 1 ചുഴലിക്കാറ്റായി അല്ലെങ്കില്‍ ശക്തമായ പോസ്റ്റ്-ട്രോപ്പിക്കല്‍ കൊടുങ്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. 

ഫിയോണയും കാലാവസ്ഥയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം ശനിയാഴ്ച കിഴക്കന്‍ നോവ സ്‌കോഷ്യ മുതല്‍ ന്യൂഫൗണ്ട്‌ലാന്‍ഡിലെ അവലോണ്‍ പെനിന്‍സുല വരെ വ്യാപിച്ചുകിടക്കുന്ന പ്രദേശത്തേക്ക് കൊടുങ്കാറ്റിനെ പടിഞ്ഞാറോട്ടേക്ക് വലിച്ചേക്കാം. ഇതിനര്‍ത്ഥം വാരാന്ത്യത്തില്‍ അറ്റ്‌ലാന്റിക് കാനഡയുടെ ഭൂപ്രദേശങ്ങളില്‍ ചില പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.