എഡ്മന്റണില്‍ സ്ത്രീയെ അറസ്റ്റ് ചെയ്യുന്നതിനിടെ ബലപ്രയോഗം നടത്തിയതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ ഞായറാഴ്ച എഡ്മന്റണ്‍ പോലീസ് സര്‍വീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. അറസ്റ്റ് ചെയ്യുന്ന വീഡിയോ പ്രചരിച്ചതിനു പിന്നാലെയാണ് പ്രതിഷേധവുമായി ജനക്കൂട്ടമെത്തിയത്. എന്നാല്‍ വീഡിയോ പൂര്‍ണമായി കാണാത്തവരോ ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കത്തവരോ ആണ് പ്രതിഷേധം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അറസ്റ്റ് നടന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പ്രസ്താവനയില്‍ പറയുന്നതിങ്ങനെ: ഉച്ചയ്ക്ക് 100 സ്ട്രീറ്റിലും 106 അവന്യുവിലും രണ്ട് സ്ത്രീകള്‍ തമ്മിലുള്ള കയ്യാങ്കളിയെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തിയത്. അവരില്‍ ഒരാളുടെ കയ്യില്‍ കത്തിയുമുണ്ടായിരുന്നു. ഉദ്യോഗസ്ഥന്‍ യുവതിയോട് കത്തി താഴെയിടാന്‍ ആവശ്യപ്പെട്ടെങ്കിലും അവള്‍ വിസമ്മതിക്കുകയും നടന്നു നീങ്ങുകയുമായിരുന്നു.
ബലംപ്രയോഗിച്ചല്ലാതെ ആയുധധാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്യാന്‍ കഴിയുമായിരുന്നില്ല. സ്ത്രീയും താനും സുരക്ഷിതരായിരിക്കാനാണ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചത്. അതിനാല്‍ നിലത്തേക്ക് തള്ളിയിട്ട് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് അറിയിക്കുന്നത്. സ്ത്രീയുടെ കൈവശമുണ്ടായിരുന്ന കത്തി ഉദ്യോഗസ്ഥന്‍ പിടിച്ചുവാങ്ങി. പൊതുജനങ്ങള്‍ക്ക് അപകടകരമായ രീതിയില്‍ ആയുധം കൈവശം വെച്ചതിന് സ്ത്രീയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അതേസമയം, അറസ്റ്റ് ചെയ്യുന്ന മുഴുവന്‍ വീഡിയോയും പുറത്തുവിടാന്‍ പ്രതിഷേധക്കാര്‍ പോലീസിനോട് ആവശ്യപ്പെട്ടെങ്കിലും അത് പരസ്യമാക്കില്ലെന്ന് ഇപിഎസ് അറിയിച്ചു.