ഹോം ഡെലിവറി നടത്താന്‍ ഇനി റോബോട്ടുകള്‍: ബീസിയില്‍ റോള്‍-ഇ 2.0 യുടെ പരീക്ഷണം വിജയകരം 

By: 600002 On: Sep 20, 2022, 10:36 AM


റോബോട്ടുകളുടെ യുഗമാണ്. എല്ലാ മേഖലകളിലും റോബോട്ട് നിയന്ത്രിത സംവിധാനങ്ങള്‍ വന്നുകഴിഞ്ഞു. ഇപ്പോഴിതാ ബീസിയില്‍ വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചുനല്‍കാന്‍ സാധിക്കുന്ന റോബോട്ടിനെ വികസിപ്പിച്ചിരിക്കുകയാണ് ബീസി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി. നേരത്തെ ഫാര്‍മസിയില്‍ ഉപഭോക്താക്കള്‍ക്ക് മരുന്നുകള്‍ എത്തിച്ചുനല്‍കാന്‍ റോബോട്ടിനെ നിര്‍മിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പലചരക്ക് സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാനുള്ള സേവനത്തിനായി റോബോട്ടിനെ വികസിപ്പിച്ചത്. 

റീട്ടെയ്‌ലറായ ലണ്ടന്‍ ഡ്രഗ്‌സ് കമ്പനിയുമായുള്ള പങ്കാളിത്തത്തോടെ ഇന്‍ഡ്രോ റോബോട്ടിക്‌സ്( InDro Robotics) ആണ് റോള്‍-ഇ 2.0( ROLL-E 2.0) എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ റോബോട്ടില്‍ കാര്‍ട്ട് ലോഡ് ചെയ്ത് ഹോംഡെലിവറി പരീക്ഷണം നടത്തി. പിന്നീട് സാധനങ്ങളുമായി ബീസിയിലെ വീടുകളില്‍ റോബോട്ടിന്റെ സേവനം പരീക്ഷിക്കുന്നതിനായി റോബോട്ടിനെ നിയോഗിച്ചു. തുടര്‍ന്നുള്ള പരീക്ഷണഘട്ടങ്ങളില്‍ ദീര്‍ഘദൂര യാത്രകള്‍ നടത്താന്‍ കഴിയുമോയെന്നും വീടുകളില്‍ ഓര്‍ഡറുകള്‍ ഇറക്കാനുള്ള റോബോട്ടിന്റെ കഴിവുമാണ് പരിശോധിക്കുന്നത്. 

സറേയില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്ന് സിഇഒ ഫിലിപ്പ് റീസ് പറഞ്ഞു. വളവും തിരിവുമെല്ലാം കൃത്യമായി മനസിലാക്കി കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് റോബോട്ട് വീട്ടുപടിക്കലെത്തി സാധനം വീട്ടുടമയ്ക്ക് കൈമാറിയത്. മനുഷ്യനിയന്ത്രണത്തിലാണ് റോബോട്ട് പ്രവര്‍ത്തിക്കുന്നത്. ക്യാമറയും ചലനവുമെല്ലാം പൂര്‍ണമായും നിയന്ത്രിക്കുന്ന ആളുടെ നിര്‍ദേശപ്രകാരമാകും ചലിക്കുക.