യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യം നവംബറില്‍; റാഷിദ് റോവര്‍ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും വിക്ഷേപിക്കും 

By: 600002 On: Sep 20, 2022, 9:54 AM

 

യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യം നവംബറില്‍ ആരംഭിക്കും. റാഷിദ് റോവര്‍ എന്ന് പേരിട്ടിരിക്കുന്ന ചാന്ദ്രദൗത്യ പേടകം ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും വിക്ഷേപിക്കും. സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് റോവര്‍ വിക്ഷേപിക്കുക. നവംബര്‍ 9 നും അഞ്ചിനുമിടയില്‍ വിക്ഷേപിക്കുമെന്നാണ് ചാന്ദ്രദൗത്യത്തിന്റെ ചുമതലയുള്ള ഹമദ് അല്‍ മര്‍സൂഖി നല്‍കുന്ന വിവരമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിക്ഷേപണത്തിന്റെ കൃത്യമായ തീയതി അടുത്തമാസമായിരിക്കും പുറത്തുവിടുക. 

മാര്‍ച്ച് മാസത്തില്‍ റോവര്‍ ജാപ്പനീസ് ഐസ്‌പേസ് ലാന്‍ഡറിന്റെ സഹായത്തോടെ ചന്ദ്രനില്‍ ഇറങ്ങും. റോവറിന്റെ എല്ലാവിധ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയതായും ഫലങ്ങളില്‍ സന്തുഷ്ടരാണെന്നും മര്‍സൂഖി പറഞ്ഞു. ലാന്‍ഡറുമായി സംയോജിപ്പിച്ച റോവര്‍ വിക്ഷേപണത്തിന് തയാറാണ്.

ചന്ദ്രോപരിതലം, ചന്ദ്രോപരിതലത്തിലെ ചലനശേഷി, വ്യത്യസ്ത പ്രതലങ്ങള്‍ ചന്ദ്രകണങ്ങളുമായി എങ്ങനെ ഇടപഴകുന്നു എന്നിവയെക്കുറിച്ച് പഠനം നടത്തുന്നതിനാണ് റാഷിദ് റോവര്‍ ലക്ഷ്യമിടുന്നത്.10 കിലോഗ്രാം ഭാരം വരുന്ന റോവറില്‍ രണ്ട് ഹൈ റെസല്യൂഷന്‍ ക്യാമറകള്‍, ഒരു മൈക്രോസ്‌കോപ്പിക് ക്യാമറ, ഒരു തെര്‍മല്‍ ഇമേജറി ക്യാമറ, ഒരു പ്രോബ് എന്നീ ഉപകരണങ്ങള്‍ ഉണ്ടാകും. ഹൈ റെസല്യൂഷന്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ ലഭിക്കുന്നതിനായി മിഡില്‍ ഈസ്റ്റിലെ അത്യാധുനിക വാണിജ്യ ഉപഗ്രഹം വികസിപ്പിക്കാനും യുഎഇക്ക് പദ്ധതിയുണ്ട്. 

ചാന്ദ്രദൗത്യം വിജയിച്ചാല്‍ യുഎഇയും ജപ്പാനും ചന്ദ്രോപരിതലത്തില്‍ പേടകങ്ങളിറക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കും. നിലവില്‍ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ചന്ദ്രനില്‍ പേടകങ്ങള്‍ ഇറക്കിയ രാജ്യങ്ങള്‍.