'മാസ്‌കില്ല, നിയന്ത്രണങ്ങളില്ല'; യുഎസില്‍ കോവിഡ് ഭീഷണി അവസാനിച്ചതായി പ്രസിഡന്റ് ജോ ബൈഡന്‍ 

By: 600002 On: Sep 20, 2022, 8:29 AM


യുഎസില്‍ കോവിഡ്-19 ഉയര്‍ത്തുന്ന ഭീഷണി അവസാനിച്ചതായി പ്രസിഡന്റ് ജോ ബൈഡന്‍. പ്രമുഖ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞത്. ഇപ്പോഴും കോവിഡ്-19 മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ സമൂഹത്തിലുണ്ട്. എന്നാല്‍ രോഗികളുടെ എണ്ണം കുറഞ്ഞു, മരണസംഖ്യയും കുറഞ്ഞു. കോവിഡിനെതിരെ ശക്തമായ പോരാട്ടം രാജ്യത്ത് ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ജനങ്ങള്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിത്തുടങ്ങി. ഇത് കോവിഡ് അവസാനിച്ചുവെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ വലിയതോതില്‍ ഇല്ലാതാക്കിയതായും യാത്രകള്‍ പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള തലത്തിലേക്ക് തിരിച്ചുവന്നതായും ബൈഡന്‍ പറഞ്ഞു. 

മെച്ചപ്പെട്ട പരിചരണവും മരുന്നുകളും വാക്‌സിനേഷനുകളും വ്യാപകമായി ലഭ്യമായതിനാലാണ് അമേരിക്കയില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും രോഗം മൂലം മരിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായത്. എങ്കിലും യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കനുസരിച്ച് രാജ്യത്ത് പ്രതിദിനം 400 പേരോളം കോവിഡ് ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.