ബേണബിയില്‍ കാണാതായ ഇന്ത്യന്‍ വംശജനുവേണ്ടി തിരച്ചില്‍ തുടരുന്നു 

By: 600002 On: Sep 20, 2022, 7:59 AM


ബര്‍ണബിയിലെ കാസ്‌കേഡ് സ്ട്രീറ്റിന് സമീപമുള്ള ആംസ്‌ട്രോങ് അവന്യുവില്‍ വെച്ച് കാണാതായ ഇന്ത്യക്കാരനായ രാജേഷ് വര്‍മ(65) എന്നയാള്‍ക്ക് വേണ്ടി പോലീസും കുടുംബവും സുഹൃത്തുക്കളും തിരച്ചില്‍ തുടരുകയാണ്. സെപ്റ്റംബര്‍ 15 നാണ് മെട്രോ വാന്‍കുവറില്‍ താമസിക്കുന്ന രാജേഷ് വര്‍മയെ കാണാതാകുന്നത്. അദ്ദേഹത്തെ സുരക്ഷിതനായി കണ്ടെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളിപ്പോഴെന്ന് മകന്‍ അര്‍ജുന്‍ പറയുന്നു. കാണാതായ സ്ഥലത്ത് തിരച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സുഹൃത്തുക്കളും മറ്റും തിരച്ചിലില്‍ സഹായിക്കുന്നുണ്ടെന്നും അര്‍ജുന്‍ പറഞ്ഞു. 

രാജേഷ് വര്‍മയ്ക്ക് വേണ്ടി അയല്‍നഗരമായ വെസ്റ്റ്മിന്‍സ്റ്ററിലെ ഈസ്റ്റ് കംബര്‍ലാന്‍ഡ്, കൊളംബിയ സ്ട്രീറ്റ്‌സ് എന്നിവടങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ പിയര്‍ പാര്‍ക്ക് ഉള്‍പ്പെടെ സാപ്പര്‍ടണ്‍ ലാന്‍ഡിംഗ് ഏരിയയില്‍ വൈകുന്നേരം 4 മണിക്കും 6 നും ഇടയില്‍ ചെലവഴിച്ചവരോട് അന്വേഷിച്ചതായി ആര്‍സിഎംപി അറിയിച്ചു. ഈ ഏരിയയില്‍ ഡാഷ്‌ക്യാമും സിസിടിവി ഫൂട്ടേജും പരിശോധിക്കാനും രാജേഷിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ ഉടന്‍ പോലീസിനെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു. 

അഞ്ചടി ആറിഞ്ച് ഉയരവും നരച്ച തലമുടിയും കഷണ്ടിയുമുള്ളയാളാണ് രാജേഷ് വര്‍മ. കാണാതാകുന്ന ദിവസം അദ്ദേഹം വെളുത്ത ഷര്‍ട്ടും കറുത്ത റണ്ണേഴ്‌സും നീല പാന്റ്‌സുമാണ് ധരിച്ചിരുന്നത്.  ആര്‍ക്കെങ്കിലും ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കുകയാണെങ്കില്‍ 604-646-9999 എന്ന നമ്പറില്‍ ബര്‍ണബി ആര്‍സിഎംപിയുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.