ഗ്രേറ്റര്‍ ടൊറന്റോയിലുടനീളമുണ്ടായ വെടിവെപ്പില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. ഇന്ത്യയില്‍ നിന്ന് കാനഡയില്‍ പഠിക്കാനെത്തിയ സത്വീന്തര് സിംഗ്(28) ആണ് മരിച്ചത്. ഹാമില്ട്ടണ് ജനറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
എം കെ ഓട്ടോ ബോഡി റിപ്പയേഴ്സ് എന്ന കടയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തുവരികയായിരുന്നു സത്വീന്തര്. ഇതിനിടയിലാണ് സെപ്റ്റംബര്‍ 12 ന് കടയില്‍ വെടിവെപ്പുണ്ടാകുന്നത്. വെടിവെപ്പില്‍ കടയുടമയായ ഷക്കീല്‍ അഷ്റഫ്(38) സംഭവസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു. ഗുരുതരമായി പരുക്കേറ്റ സത്വീന്തറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പോലീസ് മുമ്പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. മെഡിക്കല്‍ ഉപകരണങ്ങളുടെ സഹായത്തോടെയാണ് സത്വീന്തറിന്റെ ജീവന് നിലനിര്‍ത്തിയിരുന്നത്.
വെടിവെപ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും മരിച്ചു. മിസിസാഗയിലും ഹാമില്ട്ടണിലുമായി നടത്തിയ വെടിവെപ്പിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി 40 കാരനായ സീന്‍ സീന്‍ പെട്രി പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കടയിലെ മുന്‍ ജീവനക്കാരനായിരുന്നു പെട്രിയെന്നാണ് കടയുടമയുടെ ബന്ധുവില്‍ നിന്നും ലഭിക്കുന്ന വിവരം.