കാല്‍ഗറിയില്‍ നിയന്ത്രണം വിട്ട വാഹനം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു 

By: 600002 On: Sep 19, 2022, 10:59 AM

 

ഞായറാഴ്ച രാവിലെ തെക്കുകിഴക്കന്‍ കാല്‍ഗറിയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട വാഹനം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. 

ഈസ്റ്റ്‌ബൌണ്ട് 17 അവന്യുവിലെ 36 സ്ട്രീറ്റില്‍ രാവിലെ 9.25 നാണ് അപകടമുണ്ടായത്. 42കാരനായ കാല്‍നടയാത്രക്കാരനാണ് മരിച്ചത്. ഇയാള്‍ ബസ് കാത്തുനിന്നിരുന്നതാവാമെന്നാണ് നിഗമനം. കാറോടിച്ചിരുന്നത് 70 വയസ്സുള്ളയാളാണെന്നും ഇയാള്‍ അമിതവേഗതയിലാണ് കാറോടിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി. ഇയാള്‍ മദ്യപിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. ഇയാളെ പരുക്കുകളോടെ ഫൂട്ട്ഹില്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംഭവത്തിന് ദൃക്‌സാക്ഷികളാരെങ്കിലുമുണ്ടെങ്കില്‍ 403-266-1234 എന്ന നമ്പറില്‍ പോലീസിനെ വിവരം അറിയിക്കണം.