സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷനായി കാത്തിരുന്ന് ഒടുവില്‍ മരണത്തിന് കീഴടങ്ങിയ എസ്ര മര്‍ഫോ എന്ന രണ്ടുവയസ്സുകാരന്റെ ഓര്‍മയിലാണ് ആല്‍ബെര്‍ട്ടയില്‍ ഉള്‍നാടന്‍ പ്രദേശമായ ലാക് ലാ ബിച്ചെയില്‍ താമസിക്കുന്ന ജേക്കബ് മര്‍ഫോ എന്ന പിതാവ്. തന്റെ മകന് സംഭവിച്ചത് പോലെ മറ്റൊരാള്‍ക്കും സംഭവിക്കാതിരിക്കാന്‍ ജേക്കബ് മര്‍ഫോ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
2021 ല്‍ എസ്രയ്ക്ക് അപൂര്‍വമായ ലുക്കീമിയ ഉണ്ടെന്ന് കണ്ടെത്തിയതിനു ശേഷം മര്‍ഫോ തന്റെ മകന്റെ ജീവനു വേണ്ടി പോരാടുകയായിരുന്നു. ജേക്കബ് ഒരു സ്‌റ്റെം സെല്‍ ദാതാവായി തീര്‍ന്നു. പക്ഷേ പൂര്‍ണമായി ഒത്തുചേരാത്തതിനാല്‍ മറ്റുള്ള യോജിച്ച സ്‌റ്റെം സെല്ലിനായി കാത്തിരുന്നു. അതിനായി നിരവധി ഈവന്റുകള്‍ സംഘടിപ്പിച്ചു. എസ്രയുടെ ദാതാവിന്റെ ആവശ്യകതയെക്കുറിച്ചും വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ദാതാക്കളുടെ ആവശ്യകതയെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനും ജേക്കബ് കനേഡിയന്‍ ബ്ലഡ് സര്‍വീസസില്‍ അംഗമായി. ഇതില്‍ പങ്കുചേര്‍ന്നവര്‍ പകുതിയിലേറെയും ആഫ്രിക്കന്‍ വംശജരാണെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ സിബിഎസ് വക്താവായ സാന്‍ ജുവാന്‍ പറയുന്നത് സ്റ്റെം സെല്‍ രജിസ്ട്രിയുടെ 33 ശതമാനം മാത്രമാണ് വംശീയരായി വ്യത്യസ്തരായ വ്യക്തികളുള്ളതെന്നാണ്.
നിരവധി ദാതാക്കളെ നോക്കിയെങ്കിലും എസ്രയ്ക്ക് അനുയോജ്യനായ ദാതാവിനെ ലഭിക്കാതെ അവന്‍ വെള്ളിയാഴ്ച മരണത്തിനു കീഴടങ്ങി. അപ്പോഴും വാരാന്ത്യത്തില്‍ ഒന്റാരിയോയില്‍ നടന്ന പരിപാടികള്‍ ഉള്‍പ്പെടെ ഒരു ദാതാവിനായുള്ള തിരച്ചിലിലായിരുന്നു ജേക്കബ്. എസ്ര പോരാടിയത് തനിക്കുവേണ്ടി മാത്രമല്ല, ഇതുപോലെ നിസഹായരായ മറ്റ് ആളുകള്‍ക്ക് വേണ്ടികൂടിയാണെന്ന് ജേക്കബ് പറഞ്ഞു. അതിനാല്‍ മറ്റുള്ളവരെ സഹായിക്കാനായി സ്വാബ് ഫോര്‍ എസ്ര(Swab4Ezra) എന്ന പേരില്‍ ഈവന്റുകള്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിനും ട്രാന്‍സ്പ്ലാന്റിനായി അനുയോജ്യരായ ദാതാക്കളെ ലഭിക്കുന്നതിനായും സ്‌റ്റെം സെല്‍ രജിസ്ട്രി വിപുലീകരിക്കാനും ജേക്കബ് പദ്ധതിയിടുന്നുണ്ട്.