ബര്‍ലിംഗ്ടണില്‍ ഒരാളെക്കൂടി കയോട്ടി ആക്രമിച്ചതായി റിപ്പോര്‍ട്ട്. ശനിയാഴ്ച ഉച്ചയോടെ ടക്ക് ക്രീക്കിന് സമീപമുള്ള ലേക്ക്ഷോര്‍ റോഡിലെ ഒരു വീട്ടില്‍ വച്ചാണ് ആക്രമണം നടന്നത്. വീട്ടില്‍ വിശ്രമിക്കുകയായിരുന്ന സ്ത്രീയെ പ്രകോപനങ്ങളൊന്നും കൂടാതെ കയോട്ടി കടിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ കയോട്ടി ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവരുടെ എണ്ണം ഏഴായെന്ന് സിറ്റി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇത്തരത്തില്‍ ആദ്യമായാണ് കയോട്ടികള്‍ മനുഷ്യരെ തുടര്‍ച്ചയായി ആക്രമിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കയോട്ടി ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവയെ ഭയപ്പെടുത്തി ഓടിക്കാന്‍ കഴിയുന്ന 'കയോട്ടി വിസിലുകള്‍' പോലും അധികൃതര്‍ നല്‍കിയിട്ടുണ്ട്. കൊയോട്ടികളെ വേട്ടയാടി നിയന്ത്രിക്കാനുള്ള ശ്രമം തുടരുകയാണെന്ന് സിറ്റി അധികൃതര്‍ പറഞ്ഞു.
സിറ്റി ഓഫ് ബര്ലിംഗ്ടണ് ആനിമല്‍ സര്‍വീസസ് ജീവനക്കാര്‍ ഹാല്‍ട്ടണ്‍ റീജിയണല്‍ പോലീസ് സര്‍വീസ് (എച്ച്ആര്‍പിഎസ്), സര്‍ട്ടിഫൈഡ് വൈല്‍ഡ് ലൈഫ് കണ്ട്രോള് പ്രൊഫഷണലുമായി ചേര്‍ന്ന് ആക്രമണ മേഖലകളില്‍ കയോട്ടികളെ കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനും സംയുക്ത പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.