രാജ്യത്തെ ഉയര്‍ന്ന പണപ്പെരുപ്പവും ആഗോളമാന്ദ്യ സാധ്യതാ പ്രവചനങ്ങളും മൂലം പ്രതിസന്ധി നേരിടുന്ന ജനങ്ങളെ സമ്മര്‍ദ്ദത്തിലാക്കി കനേഡിയന്‍ ഡോളറായ ലൂണിയുടെ മൂല്യം ഈ ആഴ്ച രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി. കനേഡിയന്‍ ഡോളറിന് വെള്ളിയാഴ്ച 75.27 സെന്റ് എന്ന നിലയിലാണ് യു.എസില്‍ വ്യാപാരം നടന്നത്. ഒരു ഘട്ടത്തില്‍ രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 75.15 സെന്റ് വരെ എത്തിയിരുന്നു.
അതിനിടെ, പണപ്പെരുപ്പത്തിന് മറുപടിയായി സെന്‍ട്രല്‍ ബാങ്കുകള്‍ ഒരേസമയം പലിശനിരക്ക് ഉയര്‍ത്തുന്നതിനാല്‍ 2023 ല്‍ രാജ്യങ്ങള്‍ ആഗോള മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് ലോകബാങ്ക് വ്യാഴാഴ്ച മുന്നറിയിപ്പ് നല്കി. ഇത് വളര്‍ന്നുവരുന്ന വിപണികള്‍ക്കും വികസ്വര സമ്പദ്വ്യവസ്ഥകള്‍ക്കും ദോഷത്തിന് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പണപ്പെരുപ്പം കുറയ്ക്കുന്നതിന് മറ്റ് സെന്‍ട്രല്‍ ബാങ്കുകളും പ്രയോഗിച്ച തന്ത്രത്തിന്റെ ഭാഗമായി, ഈ മാസം ബാങ്ക് ഓഫ് കാനഡ അതിന്റെ പ്രധാന പലിശ നിരക്ക് 3.25 ശതമാനമായി ഉയര്‍ത്തി.
തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ യുഎസ് കറന്‍സിയില്‍ വില്‍ക്കുന്നതിലൂടെ ലാഭം ലഭിക്കുന്ന കയറ്റുമതിക്കാരെ അപേക്ഷിച്ച് ദുര്‍ബലമായ കനേഡിയന്‍ ഡോളര്‍ ഇറക്കുമതിക്കാരുടെ പ്രതിസന്ധി രൂക്ഷമാക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഉയര്‍ന്ന പണപ്പെരുപ്പത്തിനോടൊപ്പം മാന്ദ്യത്തിന്റെ സാധ്യത കൂടി ഇത്തവണത്തെ സാമ്പത്തികപ്രതിസന്ധി വര്‍ധിപ്പിക്കാനിടയാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കി.