അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാരം 10 ദിവസത്തെ ദു:ഖാചരണത്തിനു ശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തിങ്കളാഴ്ച നടക്കും. വെസ്റ്റ് മിന്‍സ്റ്റര്‍ ആബെയില്‍ നടക്കുന്ന സംസ്‌കാര ചടങ്ങില്‍ ചാള്‍സ് മൂന്നാമനും മറ്റ് കുടുംബാംഗങ്ങളും ലോകനേതാക്കളുമടക്കം നിരവധി പേര്‍ പങ്കെടുക്കും. രാജ്യം കണ്ട ഏറ്റവും വലിയ സുരക്ഷാ സന്നാഹമാണ് ശവസംസ്‌കാര ചടങ്ങിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ രാഷ്ട്രപതി ദൗപദി മുര്‍മു, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, സ്‌പെയിനിലെ ഫിലിപ് ആറാമന്‍ രാജാവ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ നക്രോണ്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവര്‍ ലണ്ടനിലെത്തി.
പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് ശവസംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക. വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ രാവിലെ 6.30 വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. വൈകിട്ട് നാലിന് സെന്റ് ജോര്‍ജ് ചാപ്പലിലാണ് അന്ത്യ ശുശ്രൂഷകള്‍ നടക്കുന്നത്. രാജ്ഞിയോടുള്ള ആദരസൂചകമായി രാജ്യത്ത് രണ്ട് മിനിറ്റ് നിശബ്ദത ആചരിക്കും.
സെപ്റ്റംബര്‍ 8ന് സ്‌കോട്ട്‌ലന്‍ഡിലെ ബാല്‍മോറല്‍ കൊട്ടാരത്തിലാണ് രാജ്ഞി അന്തരിച്ചത്. രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്ന് കാനഡയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ സെപ്റ്റംബര്‍ 19 ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങ് 200 ല്‍ അധികം രാജ്യങ്ങളില്‍ തത്സമയ സംപ്രേഷണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.