കനേഡിയന്‍ നഗരങ്ങള്‍ ഭവന വിതരണ പ്രതിസന്ധി നേരിടുന്നു: റീ/മാക്‌സ് റിപ്പോര്‍ട്ട് 

By: 600002 On: Sep 17, 2022, 12:10 PM


കാനഡയിലെ നഗരങ്ങള്‍ ഭവന വിതരണ പ്രതിസന്ധി നേരിടുന്നതായി റീ/മാക്‌സ് കാനഡ(Re/Max Canada) റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു ദശകമായി തുടര്‍ച്ചയായി ഭവന വിതരണത്തില്‍ ഇടിവ് നേരിടുകയും പ്രതിസന്ധി ഘട്ടത്തില്‍ എത്തിയതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കാനഡയിലുടനീളമുള്ള എട്ട് പ്രധാന മെട്രോപൊളിറ്റന്‍ ഏരിയകളിലെ 2012 നും 2022 നും ഇടയിലെ സജീവ ലിസ്റ്റിംഗുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ജനസംഖ്യാ വളര്‍ച്ചയും ഗാര്‍ഹിക രൂപീകരണവും ഇന്‍വെന്ററി ലെവലുകള്‍ കുറയ്ക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ഇത് വലിയ നഗര കേന്ദ്രങ്ങളില്‍ വീടുകളുടെ കുറവിന് കാരണമായെന്നും റീ/ മാക്സ് പ്രസിഡന്റ് ക്രിസ്റ്റഫര്‍ അലക്സാണ്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഒന്റാരിയോയിലെ ഹാമില്‍ട്ടണ്‍-ബര്‍ലിംഗ്ടണ്‍ മേഖലയാണ് 10 വര്‍ഷത്തെ ശരാശരിയില്‍ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്ത ഏക വിപണിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 10 വര്‍ഷത്തെ ശരാശരിയെ അപേക്ഷിച്ച് 2022 ജൂലൈയില്‍ 3.2 ശതമാനം കൂടുതല്‍ ലിസ്റ്റിംഗുകള്‍ ഈ മേഖലയില്‍ പ്രകടമായി. ടൊറന്റോയില്‍ നിന്നുള്ള വാങ്ങലുകാരും പുതിയ കുടിയേറ്റക്കാരും ജനസംഖ്യാ വളര്‍ച്ച തുടരുന്നതും ഈ വര്‍ധനവിന് കാരണമായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.