ആഴ്ചയില്‍ നാല് ദിവസം മാത്രം ജോലി: '4 ഡേ വീക്ക് ഗ്ലോബലി'ല്‍ ചേര്‍ന്ന് ടൊറന്റോയിലെ പ്രാക്‌സിസ് കമ്പനി

By: 600002 On: Sep 17, 2022, 11:43 AM


ജോലി സമയം കുറയ്ക്കാനുള്ള നീക്കത്തിലാണ് ടൊറന്റോയിലെ ഒരു കമ്പനി. നാല് ദിവസത്തെ വര്‍ക്ക് വീക്കാണ് കമ്പനി പരീക്ഷിക്കുന്നത്. മാര്‍ക്കറ്റിംഗ് കമ്യൂണിക്കേഷന്‍സ് ഏജന്‍സിയായ പ്രാക്‌സിസാണ് സമയം വെട്ടിക്കുറയ്ക്കല്‍ പരീക്ഷിക്കുന്നത്. മറ്റ് 59 ഓളം വടക്കേ അമേരിക്കന്‍ കമ്പനികള്‍ക്കൊപ്പമാണ് 4 ഡേ വീക്ക് ഗ്ലോബല്‍ ട്രയല്‍ (4 Day Week Global) എന്ന ട്രെന്‍ഡിനൊപ്പം ചേരുന്നത്. ഒക്ടോബറില്‍ തുടങ്ങി ആറ് മാസമാണ് പരീക്ഷണ കാലയളവ്. 

തൊഴില്‍-ജീവിത സന്തുലിതാവസ്ഥയുടെ ആവശ്യകത സംബന്ധിച്ച ആശങ്കയാണ് ഇത്തരത്തിലൊരു പരീക്ഷണത്തിനു പ്രേരിപ്പിച്ചതെന്ന് പ്രാക്‌സിസിന്റെ അസോസിയേറ്റ് പാര്‍ട്ണര്‍ മാറ്റ് ജൂനിപ്പര്‍ പറയുന്നു. '4 ഡേ വീക്ക് ഗ്ലോബല്‍' എന്ന ആശയം പരിചയപ്പെട്ടതിനു ശേഷം തന്റെ പ്രാരംഭ ആശങ്കകള്‍ പലതും വഴിമാറിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. 

പരീക്ഷണ കാലയളവില്‍ പ്രാക്‌സിസ് ജീവനക്കാര്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ അല്ലെങ്കില്‍ ചൊവ്വ മുതല്‍ വെള്ളി വരെ  നാലി ദിവസങ്ങളില്‍ എട്ട് മണിക്കൂര്‍ ജോലി ചെയ്യും. അതിനാല്‍ ഓരോ ടീമിനും അവരുടെ ക്ലയന്റുകള്‍ക്ക് ആഴ്ചയിലുടനീളം സ്ഥിരമായ സേവനം നല്‍കാന്‍ സാധിക്കും. 80 ശതമാനം സമയവും ജോലി ചെയ്യുന്നതിനാല്‍ ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും ലഭിക്കും. ജീവനക്കാര്‍ക്ക് ജോലിയില്‍ നൂറ് ശതമാനം ആത്മാര്‍ത്ഥത കാണിക്കാന്‍ സാധിക്കുമെന്നുമാണ് ഇതുകൊണ്ട് പ്രതീക്ഷിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.