കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാര്‍ മോഷണം: സ്‌കാര്‍ബറോയില്‍ 16കാരന്‍ പിടിയില്‍ 

By: 600002 On: Sep 17, 2022, 8:23 AM

കഴിഞ്ഞയാഴ്ച സ്‌കാര്‍ബറോയില്‍ ആയുധവുമായെത്തി കാര്‍ജാക്കിംഗ് നടത്തിയ പതിനാറുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാറില്‍ യാത്ര ചെയ്തിരുന്ന യുവതികളെ ഫാര്‍മസി അവന്യുവിലെയും സീസെം സ്ട്രീറ്റിലെയും പാര്‍ക്കിംഗ് സ്ഥലത്ത് വെച്ച് ഭീഷണിപ്പെടുത്തി പ്രതി കാര്‍ മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുഖംമൂടി ധരിച്ച രണ്ട് പുരുഷന്മാര്‍ കത്തി കാണിച്ച് ഭയപ്പെടുത്തിയാണ് കാര്‍ മോഷ്ടിച്ചത്. 

കാര്‍ജാക്കിംഗ് നടത്തിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് തിരിച്ചറിയുകയും ഇയാളുടെ വീട്ടില്‍ തിരച്ചില്‍ നടത്തുകയും ചെയ്തു. കാര്‍ജാക്കിംഗ് സമയത്ത് ധരിച്ച വസ്ത്രങ്ങള്‍ പോലീസ് കണ്ടെടുത്തു. ഇതാണ് കൗമാരക്കാരനെ കുടുക്കിയത്. തിരച്ചിലിനൊടുവില്‍ മോഷ്ടിക്കപ്പെട്ട വാഹനം പോലീസ് കണ്ടെത്തി. 

യൂത്ത് ക്രിമിനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇയാള്‍ക്കെതിരെ ആയുധം കൈവശം വെക്കല്‍, കവര്‍ച്ച, ഗൂഢാലോചന, വേഷംമാറല്‍, മോഷ്ടിച്ച വസ്തു കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി. കുറ്റകൃത്യത്തില്‍ സ്ത്രീകളുള്‍പ്പെടെ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. സംശയമുള്ള മൂന്ന് പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.