ഒന്റാരിയോയില്‍ എമര്‍ജന്‍സി റൂമുകളില്‍ നിന്നും ആശുപത്രികളിലേക്ക് പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ ശരാശരി കാത്തിരിപ്പ് സമയം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ജൂലൈ മാസത്തില്‍ എമര്‍ജന്‍സി റൂമില്‍ രോഗികള്‍ ശരാശരി 20.7 മണിക്കൂര്‍ ചെലവഴിച്ചുവെന്നാണ് ഹെല്‍ത്ത് ക്വാളിറ്റി ഒന്റാരിയോ(HQO) പുറത്തുവിട്ട റിപ്പോര്‍ട്ട്. മെയ് മാസത്തിലും കൂടുതലായിരുന്നു, 20.1 മണിക്കൂര്‍. എന്നാല്‍ ജൂണ്‍ മാസത്തില്‍ ഒന്റാരിയോയിലെ ശരാശരി കാത്തിരിപ്പ് സമയം ഏകദേശം 19.1 മണിക്കൂറായിരുന്നു.
ജൂലൈ മാസം ഒന്റാരിയോയിലെ ആരോഗ്യ പരിപാലന സംവിധാനം നേരിട്ടത് കടുത്ത പ്രതിസന്ധികളായിരുന്നു. ജീവനക്കാരുടെ കുറവായിരുന്നു ഏറ്റവും വലിയ വെല്ലുവിളി സൃഷ്ടിച്ചത്. സ്റ്റാഫുകളുടെ കുറവ് മൂലം എമര്‍ജന്‍സി റൂമുകള്‍ അടയ്ക്കാന്‍ ആശുപത്രികള്‍ നിര്‍ബന്ധിതരായി. നഴ്‌സുമാരുടെ കുറവ് പരിഹരിക്കുന്നതിന് സന്നദ്ധപ്രവര്‍ത്തകരെ സമീപിക്കേണ്ടതായും വന്നു.
അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാത്ത രോഗികള്‍ക്ക് എമര്‍ജന്‍സി റൂമുകളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ജൂലൈയില്‍, എമര്‍ജന്‍സി റൂമില്‍ ഡോക്ടര്‍ എത്തി പരിശോധിക്കുന്നതിനായി രോഗികള്‍ കാത്തിരുന്നത് ശരാശരി 2.1 മണിക്കൂറാണ്.