അശ്രദ്ധമായി വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ എഡ്മന്റണില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നു 

By: 600002 On: Sep 15, 2022, 11:31 AM

 

റോഡിലൂടെ അശ്രദ്ധമായി വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ എഡ്മന്റണില്‍ പുതിയ തരം ക്യാമറകള്‍ സ്ഥാപിച്ചു. ആര്‍ഗില്‍ റോഡിനു വശങ്ങളിലായാണ് ട്രെയിലറും ക്യാമറയും സ്ഥാപിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത് എന്നതിനാല്‍ ആരില്‍ നിന്നും ഇപ്പോള്‍ പിഴ ഈടാക്കില്ല. 

മൂന്നാഴ്ച ആല്‍ബെര്‍ട്ട യൂണിവേഴ്‌സിറ്റി നടത്തിയ ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ക്യമറ സ്ഥാപിച്ചിരിക്കുന്നത്. ഇതിലെ വിന്‍ഡ്ഷീല്‍ഡുകളിലൂടെ തെളിച്ചമാര്‍ന്ന വ്യക്തതയുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കുമെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. 

ഓസ്‌ട്രേലിയന്‍ കമ്പനിയായ അക്യുസെന്‍സസ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ക്യാമറ പ്രവര്‍ത്തിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വഴിയാണ് ചിത്രങ്ങള്‍ വിശകലനം ചെയ്യുന്നത്. പ്രധാനമായും വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ ക്യാമറ സഹായിക്കും.