ബീസി സ്ക്വാമിഷിലെ 'സീ ടു സ്കൈ' ഗൊണ്ടോള തകര്‍ക്കപ്പെട്ടതിന് രണ്ട് വര്‍ഷത്തിന് ശേഷം ഉത്തരവാദികളായവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പ്രഖ്യാപിച്ച പാരിതോഷികം 500,000 ഡോളറായി അധികൃതര്‍ വര്‍ധിപ്പിച്ചു. ജനങ്ങളുടെ ജീവനും കമ്യൂണിറ്റിയുടെ നിലനില്‍പ്പും അപകടത്തിലാക്കിയ പ്രതിയെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഗൊണ്ടോള ഓപ്പറേറ്റര്‍മാരെന്ന് ജനറല്‍ മാനേജര്‍ കിര്‍ബി ബ്രൗണ്‍ പറഞ്ഞു.
രണ്ട് പ്രാവശ്യമാണ് ഗൊണ്ടോള അജ്ഞാതര്‍ തകര്‍ത്തത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം മേജര്‍ ക്രൈം സ്പെഷ്യല്‍ പ്രോജക്ട് യൂണിറ്റ് ഏറഅറെടുത്തതായി ആര്‍സിഎംപി അറിയിച്ചു.
2019 ഓഗസ്റ്റിലാണ് ആദ്യം ഗൊണ്ടോള തകര്‍ക്കപ്പെട്ടത്. അന്ന് ലൈനുകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഗൊണ്ടോള അടച്ചുപൂട്ടി. ഇതിന്റെ ഫലമായി 75 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. അഞ്ച് മില്യണ്‍ ഡോളറിലധികം ചെലവഴിച്ച് അറ്റകുറ്റപ്പണികള്‍ നടത്തിയതിന് ശേഷം 2020 ല്‍ ഗൊണ്ടോള തുറന്നുകൊടുത്തത്. എന്നാല്‍ ആ വര്‍ഷം തന്നെ വീണ്ടും ആരോ കേബിളുകള്‍ മനപൂര്‍വ്വം അറുത്തുമാറ്റിയതായി കണ്ടെത്തി. അജ്ഞാതന്‍ ഗൊണ്ടോളയ്ക്ക് സമീപം നില്‍ക്കുന്നതായും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി 75 ഓളം ആളുകളെ ചോദ്യം ചെയ്തതായി അന്വേഷണ സംഘം പറഞ്ഞു. എന്നാല്‍ ആക്രമണത്തിന്റെ കാരണങ്ങളോ രണ്ട് സംഭവങ്ങള്‍ക്കും പിന്നില്‍ ഒരാള്‍ തന്നെയാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.